വെള്ളിത്തിരയിൽ എന്നും വിമർശിക്കപ്പെടുന്ന ഒരു കാര്യമാണ് പ്രായം കൂടിയ നായകൻമാർക്ക് പ്രായം കുറഞ്ഞ നായികമാരെന്ന കാര്യം. ബോളവുഡിലും ഇപ്പോൾ വിവാദമായിരിക്കുന്നത് ഇതാണ്. തങ്ങളേക്കാൾ പകുതിയിൽ താഴെ മാത്രം പ്രായമുള്ള നായികമാരുമായി നായകൻമാർ പ്രണയത്തിലാകുന്ന കാഴ്ച സിനിമകളിൽ പതിവാണ്. ഇത്തരം പതിവിന് എതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹ. ദ ക്വിന്റിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സോനാക്ഷി മനസു തുറന്നത്. 21കാരിയായ നായികയ്ക്ക് ഒപ്പമുള്ള സൽമാന്റെ പ്രണയരംഗത്തെ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു സോനാക്ഷിയോടുള്ള ചോദ്യം. ഇതിന് പകരം മാധുരി ദീക്ഷിത് ഇഷാൻ ഖട്ടറിനെ പ്രണയിക്കുന്നത് ആണ് കാണിക്കുന്നതെങ്കിൽ എന്തായിരിക്കും തോന്നുക എന്നും സൊനാക്ഷിയോട് ചോദിച്ചിരുന്നു.
അങ്ങനെ ചോദിച്ചാൽ എന്തു പറയാനാണെന്നും നിങ്ങൾക്ക് മാധുരി ഇഷാനെ പ്രണയിക്കുന്നത് കാണണമോ എന്നുമായിരുന്നു സോനാക്ഷിയുടെ പ്രതികരണം. ചോദ്യം ചോദിച്ചയാൾ ‘അതെ’ എന്ന മറുപടിയിൽ ഉറച്ചു നിന്നതോടെ തനിക്കത് അൽപം അസ്വാഭാവികമായിട്ടായിരുന്നു തോന്നുന്നതെന്ന് ആയിരുന്നു സൊനാക്ഷിയുടെ മറുപടി. 53കാരനയായ സൽമാൻ 21കാരിയായ നായികയെ പ്രണയിക്കുന്നത് കാണുമ്പോൾ പ്രശ്നം തോന്നാതെ മാധുരി ഇഷാനെ പ്രണയിക്കുന്നത് കാണുമ്പോൾ അസ്വാഭാവികമായി തോന്നുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്നും താൻ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നുമായിരുന്നു സൊനാക്ഷി പറഞ്ഞത്. അതേസമയം, താൻ അമ്പതാം വയസിൽ 22കാരനെ പ്രണയിക്കുന്നതിൽ അസാധാരണത്വം തോന്നുമെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സൊനാക്ഷി പറഞ്ഞു.
സൽമാൻ ഖാൻ നായകനായി എത്തിയ ചിത്രമായിരുന്നു 2019ൽ പുറത്തിറങ്ങിയ ദബംഗ് ത്രീ. ചിത്രത്തിൽ സായി മഞ്ജരേക്കർ എന്ന തന്നേക്കാൾ ഏറെ പ്രായം കുറവുളള നടിയെ ആയിരുന്നു സൽമാൻ പ്രണയിച്ചത്. ഇത് കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ദബംഗ് പരമ്പരയിലെ ആദ്യ ചിത്രത്തിലൂടെയായിരുന്നു സൊനാക്ഷിയുടെ അരങ്ങേറ്റം. നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സൊനാക്ഷി സിൻഹ. ഭുജ് ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഡബിൾ എക്സ് എൽ, കക്കുഡ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്.