ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സൗബിൻ ഷാഹിർ.
മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ചിത്രത്തിലെ ക്രിസ്പിൻ എന്ന കഥാപാത്രം ഈ നടന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. രണ്ടുവർഷം മുൻപ് പറവ എന്ന ചിത്രമൊരുക്കിയതിലൂടെ സൗബിൻ സംവിധായക വേഷമണിഞ്ഞു. സംവിധായകനാവാൻ സിനിമയിൽ എത്തി പ്രശസ്ത സംവിധായകരായ സിദ്ദിഖ്, അമൽ നീരദ് എന്നിവരുടെ കൂടെയൊക്കെ ജോലി ചെയ്ത സൗബിന്റെ മനസ്സിലെ സ്വപ്നങ്ങൾ ഒക്കെ ഇപ്പോഴും സംവിധാനവുമായി ബന്ധപെട്ടു തന്നെയാണെന്നു തുറന്നുപറയുകയാണ് താരം.
കുഞ്ചാക്കോ ബോബനെ നായകനാക്കി അടുത്ത വർഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഒരു സിനിമയാണ് ഇപ്പോൾ സൗബിന്റെ മനസ്സിലുള്ളത്. ഒരു നടനെന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തു കൂടിയാണ് കടന്നു പോകുന്നത് എന്നതാണ് സംവിധാന സംരംഭങ്ങൾ വൈകുന്നതിനുള്ള കാരണം എന്നും സൗബിൻ പറയുന്നു. ഇപ്പോൾ ഭദ്രൻ, അമൽ നീരദ്, ആഷിഖ് അബു, സിദ്ധാർഥ് ഭരതൻ, സന്തോഷ് ശിവൻ ചിത്രങ്ങൾ കയ്യിൽ ഉള്ള താരമാണ് അദ്ദേഹംമമ്മൂട്ടിയെ നായകനാക്കി സൗബിൻ ഒരുക്കാൻ പോകുന്ന തന്റെ സ്വപ്ന ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരമിപ്പോൾ. ഈ ചിത്രം തന്റെ സ്വപ്ന ചിത്രങ്ങളിൽ ഒന്നാണെന്നും അത് എന്ന് ആരംഭിക്കുമെന്ന് പറയുവാൻ സാധിക്കില്ല എന്നും ദി ക്യൂവിനു വേണ്ടി മനീഷ് നാരായണൻ നടത്തിയ ഇന്റർവ്യൂവിൽ സൗബിൻ പറഞ്ഞു. ചെറുകഥ എന്ന് പേരിട്ടിരിക്കുന്ന ആ ചിത്രത്തിന്റെ ആദ്യത്തെ പേര് പണി പാളി എന്നായിരുന്നു. എന്തായാലും ‘ചെറുകഥ’ ഒരിക്കൽ സിനിമയാകും എന്ന ഉറപ്പും സൗബിൻ നൽകുന്നുണ്ട്.