ലാൽ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങൾ ലാൽ ജോസിനൊപ്പം ചെയ്തിട്ടുള്ള ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. ദുബായിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിക്കുക. ആലുവ സ്വദേശിയായ ദസ്തഗീർ എന്ന യുവാവ് നാട്ടിൽ കോളേജ് ലൈഫ് എല്ലാം ആഘോഷമാക്കി നടന്നിരുന്ന വ്യക്തിയാണ്. ഇപ്പോൾ ഭാര്യ സുലേഖക്കും മൂന്ന് മക്കൾക്കുമൊപ്പം ദുബായിയിലാണ് ജീവിതം. ഇരുവരുടെയും രണ്ടു കാലഘട്ടങ്ങളിലെ ജീവിതമാണ് സിനിമയിൽ എടുത്തുകാണിക്കുന്നത്. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയും എത്തുന്നു.
സലിം കുമാറും ഒരു റഷ്യൻ അഭിനേത്രിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ജസ്റ്റിൻ വർഗീസാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ – ഫഹദ് ഫാസിൽ ചിത്രം ജോജിയുടെ സംഗീത സംവിധാനവും ജസ്റ്റിനാണ്.