ബി സി സി ഐ യുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒത്തുതീർപ്പ് സമവായത്തിലൂടെ എതിരില്ലാതെയാണ് ഗാംഗുലിയുടെ സ്ഥാനാരോഹണം. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അമിത് ഷായുടെ മകന് ജയ് ഷാ സെക്രട്ടറിയാകും. കേന്ദ്ര സഹമന്ത്രിയും ബിസിസിഐ മുൻ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ ധുമാൽ ട്രഷറർ ആകുമെന്നും സൂചനയുണ്ട്. ഈ മാസം 23നാണ് ബിസിസിഐ തെരഞ്ഞെടുപ്പ്.
നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ആണ് ഗാംഗുലി. തെരഞ്ഞെടുക്കപ്പെട്ടാൽ 2020 വരെയാകും ഗാംഗുലിയുടെ കാലാവധി. കര്‍ണാടകത്തിലെ ബ്രിജേഷ് പട്ടേലിനെ പിന്തള്ളിയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയാകുമെന്നും റിപ്പോർട്ടുണ്ട്.
19 വർഷം മുന്നേ സൗരവ് ഗാംഗുലി ഇന്ത്യൻ നായകനായി നിയമിതനാകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ഒരു ദശാസന്ധിയിലായിരുന്നു. ഗാംഗുലിയുടെ നായകമികവിലും ദീർഘവീക്ഷണത്തിലുമാണ് ഇന്ത്യൻ ക്രിക്കറ്റ് അടിമുടി മാറിയതും നേട്ടങ്ങൾ കൊയ്ത് തുടങ്ങിയതും. ഇന്നിപ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ സർവ്വാധികാരിയായി നിയമിതനാകുമ്പോൾ പഴയപോലെ ഒരു പ്രതിസന്ധിയിലല്ല ഇന്ത്യൻ ക്രിക്കറ്റ് ടീമും ഇന്ത്യയിലെ ക്രിക്കറ്റും. കൂടുതൽ സിസ്റ്റമാറ്റിക് ആവുക കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുക എന്നത് തന്നെയായിരിക്കണം ഇനിയുള്ള വെല്ലുവിളികൾ. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടാൽ രഞ്ജി ക്രിക്കറ്റ് സംവിധാനത്തിലാണ് താൻ കൂടുതൽ ശ്രദ്ധയൂന്നാൻ പോകുന്നതെന്ന് ഗാംഗുലി നേരത്തെ പ്രസ്താവിച്ചിരുന്നു. ദാദയുടെ ക്രിക്കറ്റ് ഭരണ ഇടപെടലുകൾക്കായി സാകൂതം കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.