തന്റെ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ച് തെന്നിന്ത്യൻ നടി നമിത. തന്റെ പിറന്നാൾ ദിനത്തിൽ താൻ ഗർഭിണിയാണെന്ന സന്തോഷവാർത്തയാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നമിതയുടെയും നിർമാതാവായ വീരേന്ദ്ര ചൗധരിയുടെയും വിവാഹം 2017ൽ ആയിരുന്നു.
ചെറിയ ഒരു കുറിപ്പോടെയാണ് ഗർഭിണിയായ തന്റെ ചിത്രങ്ങൾ നമിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം’ – ചിത്രങ്ങൾ പങ്കുവെച്ച് നമിത കുറിച്ചു.
വിവാഹശേഷം ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട നമിത ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ ആണ് നടിയുടെ പുതിയ ചിത്രം. ആർ എൽ രവി, മാത്യു സ്ക്കറിയ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നതും ഒരു നടി തന്നെയാണ്. ചിത്രത്തിൽ ഒരു ബ്ലോഗറുടെ വേഷത്തിലാണ് നമിത എത്തുന്നത്.