സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നടൻ ദിലീപിന് എതിരെ വീണ്ടും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ദിലീപിന് എതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിന് എതിരെ കണ്ണൂർ സ്വദേശിനിയായ സ്ത്രീ കൊച്ചി പൊലീസിൽ പരാതി നൽകിയത്. ബാലചന്ദ്രകുമാർ പത്തു വർഷം മുമ്പ് കൊച്ചിയിൽ ഒരു സിനിമ ഗാനരചയിതാവിന്റെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തനിക്ക് ജോലി വാഗ്ദാനം നൽകി വിളിച്ചു വരുത്തിയതിനു ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. തന്റെ പീഡന ദൃശ്യങ്ങൾ പകർത്തിയ ബാലചന്ദ്രകുമാർ അത് ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നു. യുവതി ബാലചന്ദ്രകുമാറിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മാധ്യമങ്ങൾ എന്തുകൊണ്ട് അത് ചർച്ചയാക്കുന്നില്ലായെന്ന് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ശ്രീജിത്ത് ഇങ്ങനെ ചോദിക്കുന്നത്.
ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചത്, ‘ബാലചന്ദ്രകുമാർ ക്രൂരമായി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിട്ടും നീതിക്കായി അന്തിചർച്ചകൾ നടത്താത്തത് ആ സ്ത്രീ സിൽമാ നടി അല്ലാത്തത് കൊണ്ടാണോ. ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ബാലചന്ദ്രകുമാറിനെ ‘keep it up’ എന്ന് സന്ദേശം അയച്ച് അഭിനന്ദിച്ച മലയാളത്തിലെ സൂപ്പർ സ്റ്റാറും, 600 സിൽമാ താരങ്ങളും ഈ ബാലചന്ദ്രകുമാർ പീഡനകേസിലും അദ്ദേഹത്തെ keep it up എന്ന് പറഞ്ഞുകൊണ്ട് അഭിനന്ദിക്കുകയാണോ എന്ന് വ്യക്തമാക്കണം. ബാലചന്ദ്രകുമാർ പീഡിപ്പിച്ചു എന്ന് ആരോപിച്ച #അവളോടൊപ്പം എന്ന് പറയാൻ സ്ത്രീ സംഘടനകൾ തയ്യാറാകുമോ. പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ വെളിപ്പെടുത്തലിൽ പോലീസ് ബലാത്സംഗത്തിന് കേസെടുത്ത് ഇരയെ രഹസ്യ മൊഴിയെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകണം. അഡ്വ ശ്രീജിത്ത് പെരുമന’ -ശ്രീജിത്ത് കുറിച്ചു.
നേരത്തെയും ദിലീപ് കേസിൽ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ച് ശ്രീജിത്ത് പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിൽ ആയിരുന്നു അത്തരത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. ഡയാന രാജകുമാരി സഞ്ചരിച്ച കാർ ഒരു തൂണിലിടിച്ചാണ് അവർ മരിച്ചതെന്നും ആ സംഭവത്തിൽ ദിലീപിന്റെ ഗൂഡാലോചന അന്വേഷിക്കാൻ കേരള പൊലിസ് ഇന്റെർപോളിന്റെ സഹായം തേടിയെന്നും ഒക്കെയായിരുന്നു പോസ്റ്റ്.