അഞ്ചാം പാതിരാ, ട്രാൻസ്, കപ്പേള തുടങ്ങി ഈ വർഷമിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളിലും ഗംഭീര പ്രകടനം കാഴ്ച്ച വെച്ച നടനാണ് ശ്രീനാഥ് ഭാസി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാറ്റ്, അണ്ടർവേൾഡ് തുടങ്ങിയ നിരവധി ചിത്രങ്ങൾ സംവിധാനം നിർവഹിച്ച അരുൺ കുമാർ അരവിന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തിലും ശ്രീനാഥ് ഭാസിയാണ് നായകൻ. സംവിധായകന്റെ വാക്കുകളിലൂടെ..
ഒരു പ്രത്യേക സംഭവത്തെ അധികരിച്ചുള്ള ചിത്രമാണിത്. എന്റെ മറ്റ് സിനിമകളിലേത് പോലെ തന്നെ വേറിട്ടൊരു അവതരണ രീതി തന്നെയാണ് ഈ ചിത്രത്തിലും ഞാൻ ലക്ഷ്യം വെക്കുന്നത്. എങ്കിലും മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഇതൊരു ചെറിയ ചിത്രമായിരിക്കും. അടുത്ത ആഴ്ച്ച ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കും. അതോടൊപ്പം തന്നെ ചിത്രത്തിന്റെ ജോണരും മനസ്സിലാക്കുവാൻ സാധിക്കും. അത് വരെ എല്ലാം എല്ലാം രഹസ്യമായിരിക്കണം.
ഇപ്പോൾ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ നടന്നുക്കൊണ്ടിരിക്കുകയാണ്. എറണാകുളത്തെ പല ഇൻഡോർ, ഔട്ട്ഡോർ ലൊക്കേഷനുകളിൽ വെച്ചായിരിക്കും ഷൂട്ട് നടക്കുക. കോവിഡ് 19 നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ അനുവദിക്കുന്നതിനനുസരിച്ച് ഷൂട്ട് തുടങ്ങുവാനാണ് ശ്രമിക്കുന്നത്.
ശ്രീനാഥ് ഭാസിയെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ധീൻ, അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാൾട് ആൻഡ് പെപ്പെർ, ഡാ തടിയാ, മായാനദി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദിലീഷ് നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഡിജെ ശേഖർ മേനോൻ സംഗീതം കൈകാര്യം ചെയ്യുന്നു.