ശ്രീനിവാസനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് മറുപടിയുമായി താരമിപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിൽ ഔദ്യാഗിക അക്കൗണ്ട് തുടങ്ങിയ ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. താരത്തിന്റെ പേരിൽ ആറ് വ്യാജ അക്കൗണ്ടുകളാണ് കണ്ടെത്തിയത്. അതിലൂടെ താൻ പറയാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും
മകൻ വിനീതിനോട് സിപിഎമ്മിൽ ചേരാൻ ആവശ്യപ്പെട്ടു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ശ്രീനിവാസൻ വ്യക്തമാക്കി. ‘ഫെയ്ക്കൻമാർ ജാഗ്രതൈ, ഒറിജിനൽ വന്നു’ എന്ന ക്യാപ്ഷനോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ:
ഫെയിസ്ബുക്കിൽ ഇതുവരെ അക്കൗണ്ട് ഇല്ലാത്ത തനിക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ ആറ് വ്യാജ അക്കൗണ്ടുകൾ ഉണ്ടായി എന്നും അതിലൂടെ സിപിഎമിൽ ചേരണമെന്ന് പറഞ്ഞതായും പിന്നീട് വേണ്ട എന്ന് പറഞ്ഞതായും പ്രചരണങ്ങൾ നടക്കുന്നു എന്നും എന്നാൽ താൻ ഇതുവരെ വിനീതിനോട് രാഷ്ട്രീയം സംസാരിച്ചിട്ടില്ല എന്നും ശ്രീനിവാസൻ പറയുന്നു. കാരണം ഓരോരുത്തർക്കും പ്രായപൂർത്തിയാവുമ്പോൾ ലോകത്ത് നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ട്. വിനീതിനും അതുണ്ടന്നാണ് ശ്രീനിവാസന്റെ വിശ്വാസം. ഉപദേശിക്കുക എന്നത് ഏറ്റവും വൃത്തികെട്ട കാര്യമാണെന്ന് താരത്തിനറിയാം. ശ്രീനിവാസൻ പാട്യം ബ്രാക്കറ്റിൽ ശ്രീനി എന്ന് പറയുന്ന അക്കൗണ്ട് ഔദ്യോഗികമായി താൻ തുടങ്ങിയിരിക്കുകയാണ് എന്നും അതിലൂടെ തനിക്ക് പറയാനുള്ള ഉപദേശമല്ലാത്ത കാര്യങ്ങൾ പറയാൻ താൻ ശ്രമിക്കുകയാണ് എന്നും താരം വ്യക്തമാക്കുന്നു.