1993 ൽ ശ്രീനിവാസനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സന്ദേശം. ചില രാഷ്ട്രീയ ചിന്തകൾ മുന്നോട്ടു വയ്ക്കുന്ന ഒരു ചിത്രമായിരുന്നു അത്. ഈ സിനിമയെ വിമർശിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്കരനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ശ്രീനിവാസൻ. ചിത്രത്തിൽ തിലകൻ പറയുന്ന ഒരു ഡയലോഗ് ചൂണ്ടിക്കാട്ടിയാണ് ശ്യാം പുഷ്കരന്റെ വിമർശനത്തെ ശ്രീനിവാസൻ നേരിട്ടത്. സന്ദേശം എന്ന ചിത്രം യാതൊരു സന്ദേശവും മുൻപോട്ടു വയ്ക്കുന്നിലെന്നും ചിത്രം അരാഷ്ട്രീയവാദം ആണ് പറയുന്നതെന്നും റേഡിയോ മാംഗോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്യാം പുഷ്കരന് അഭിപ്രായപ്പെട്ടു. മനോരമ യുമായുള്ള അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇത് പങ്കുവെച്ചത്.
സന്ദേശം എന്ന ചിത്രം മുന്നോട്ടു വയ്ക്കുന്ന നല്ല രാഷ്ട്രീയത്തെ കാണാതെയാണ് ഈ വിമർശനം നടത്തുന്നത് എന്ന് ശ്രീനിവാസൻ അഭിപ്രായപ്പെടുന്നു. രാഷ്ട്രീയം നല്ലതാണ്, അത് നല്ലയാളുകള്‍ പറയുമ്പോള്‍.ആദ്യം സ്വയം നന്നാകണം, പിന്നെയാണ് നാട് നന്നാക്കേണ്ടത്. ഇത് ചിത്രത്തിൽ തിലകൻ പറയുന്ന ഒരു ഡയലോഗ് ആണ്. ഇത്തരം ഡയലോഗുകൾ ചിത്രത്തിൽ ഉള്ളപ്പോൾ അതെങ്ങനെയാണ് അരാഷ്ട്രീയവാദം ആകുന്നത് എന്നാണ് ശ്രീനിവാസൻ ചോദിക്കുന്നത്.ന്യൂജനറേഷന് ചിത്രങ്ങളില്‍ നല്ല സിനിമകള്‍ വളരെ കുറവാണെന്നും ചിലത് സഹിക്കാന്‍ പറ്റാത്തത് ആണെന്നും ശ്രീനിവാസന് പറഞ്ഞു.തനിക്ക് രാഷ്ട്രീയമുണ്ടെന്നും പക്ഷേ ഒരു കൊടിയുടെ മുൻപിൽ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല തന്റേതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.