മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ആര് രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സണ്ണി ലിയോണും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ വേഷമിടുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറിന്റെ വേഷമാണ് ശ്രീശാന്ത് ചെയ്യുന്നത്. കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം എന്ന തീരുമാനമാണ് സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്യാന്‍ കാരണമെന്ന് സംവിധായകന് ആര് രാധാകൃഷ്ണന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഒരു എക്സ്പിരിമെന്റല്‍ പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹം അഭിനയിച്ച് കാണിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടെന്നും സംവിധായകന് രാധാകൃഷ്ണന് പറഞ്ഞു. കഥാപാത്രത്തെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്നും സംവിധായകന് പറഞ്ഞു.
സുരേഷ് പീറ്ററാണ് സംഗീതം. ശ്രീധറാണ് കോറിയോഗ്രഫര്‍. പ്രകാശ് കുട്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കും. കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.