ഒത്തുകളി വിവാദത്തെ തുടർന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്ന മലയാളിയായ ഇന്ത്യൻ പേസർ ശ്രീശാന്തിന്റെ വിലക്ക് ഏഴ് വർഷമാക്കി ചുരുക്കി ബിസിസിഐ ഓംബുഡ്സ്മാൻ റിട്ടയേർഡ് ജസ്റ്റിസ് ഡി കെ ജെയിൻ. ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെ 2013ലാണ് ശ്രീശാന്തിനും മറ്റു രണ്ടു കളിക്കാർക്കും എതിരെ ഒത്തുകളി ആരോപണം വന്നതും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതും. വിലക്ക് ആരംഭിച്ച 2013 സെപ്റ്റംബർ 13 മുതലുള്ള ഏഴ് വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്നുള്ളതിനാൽ 2020 സെപ്റ്റംബർ മാസം ശ്രീശാന്തിന് കളിക്കളത്തിലേക്ക് മടങ്ങി വരുവാൻ സാധിക്കും.
അപ്പോഴേക്കും 37 വയസ്സ് പൂർത്തിയാകുന്ന ശ്രീശാന്തിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ലെങ്കിലും കോച്ചായോ മെന്ററായോ ടി വി കമന്റേറ്ററായോ പ്രവർത്തിക്കുവാൻ സാധിക്കുന്നതാണ്. 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 10 ടി20യിലും ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടുള്ള ശ്രീശാന്ത് 2011ലാണ് ഇന്ത്യക്ക് വേണ്ടി അവസാനം കളിച്ചിട്ടുള്ളത്. ആകെ 169 വിക്കറ്റുകളും നേടിയിട്ടുണ്ട്. എല്ലാം നല്ലതിനെന്ന് കരുതുന്നു, പ്രായമല്ല ശാരീരിക്ഷമതയാണ് പ്രധാനമെന്നും അതില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ഇതിനെ കുറിച്ച് പ്രതികരിച്ചു. നൂറ് ടെസ്റ്റ് വിക്കറ്റ് തികയ്ക്കുക എന്നതാണ് ആഗ്രഹമെന്നും താരം പറഞ്ഞു.