പ്രിയദര്ശന് സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ലൊക്കേഷന്‍ ഹണ്ടംഗിനിറങ്ങിയ അനുഭവം പറയുകയാണ് ചിത്രത്തിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നടനും സംവിധായകനും ആഡ് മേക്കറുമായ ശ്രീകാന്ത് മുരളി. ആ സമയം ബോളിവുഡില്‍ തിരക്കിലായിരുന്നു പ്രിയദര്ശന്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ലൊക്കേഷന്‍ നോക്കുന്നതിനായി പുറപ്പെട്ടത് താനായിരുന്നുവെന്ന് ശ്രീകാന്ത് മുരളി ഓര്‍ക്കുന്നു.
ചിത്രത്തിന്റെ ലൊക്കേഷനായി നിലമ്പൂരാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ക്ക് പോകാന്‍ തീരുമാനിച്ചു. ആന്റണി പെരുമ്പാവൂര്‍ ഇതിനായുള്ള സഹായങ്ങള്‍ ചെയ്തു തന്നു. നിലമ്പൂര്‍ക്കുള്ള യാത്രയ്ക്കിടയിലാണ് അപ്രതീക്ഷിതമായി ആന്റണി പെരുമ്പാവൂരിന്റെ കോള്‍ വന്നത്. നിലമ്പൂര്‍ക്ക് പുറപ്പെട്ട താന്‍ തൃശൂരില്‍ യാത്ര നിര്‍ത്തിയെന്ന് ശ്രീകാന്ത് മുരളി പറയുന്നു.
നിലമ്പൂരില്‍ താന്‍ വന്നിറങ്ങിയപ്പോള്‍ ആളുകൂടിയെന്നും അപ്പോള്‍ ലാല്‍ സാര്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ ചൂണ്ടിക്കാട്ടി. ആളുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ നിലമ്പൂരില്‍ നിന്ന് ലൊക്കേഷന്‍ ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. അങ്ങനെ നിലമ്പൂര്‍ക്ക് തിരിച്ച താന്‍ അവിടെ നിന്ന് ഒറ്റപ്പാലത്തിന് വണ്ടി കയറിയെന്ന് ശ്രീകാന്ത് മുരളി കൂട്ടിച്ചേര്‍ത്തു.
കിളിച്ചുണ്ടന്‍ മാമ്പഴത്തിനു വേണ്ടി അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചത് മികച്ച അനുഭവമായിരുന്നുവെന്ന് ശ്രീകാന്ത് മുരളി പറയുന്നു. താന്‍ പകര്‍ത്തിയ ലൊക്കേഷന്‍ സ്റ്റില്‍ പ്രിയന് സാര്‍ കണ്ട് അപ്രൂവല്‍ ലഭിക്കുന്നതു വരെ ഉള്ളില്‍ ടെന്‍ഷനായിരുന്നു. തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച ദൈത്യം പാളിപ്പോകാന്‍ പാടില്ലല്ലോ? അത് ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും ശ്രീകാന്ത് മുരളി പറയുന്നു.
പ്രിയദര്‍ശന്റെ കൂടെ നിരവധി ചിത്രങ്ങളില്‍ സംവിധായ സഹായിയായി ശ്രീകാന്ത് മുരളി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി എബി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സംവിധാനത്തിനു പുറമെ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.