തിരക്കഥാകരുത്തായി എത്തുകയും നായകനായി തിളങ്ങുകയും ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം നിത്യഹരിത നായകന് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന് ആദ്യം നായകനായ കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രം ഇന്നും ആരാധകരുടെ പ്രിയ ചിത്രങ്ങളില്‍ ഒന്നാണ്.
ഈ സിനിമയിലൂടെ ഹിറ്റായ നിരവധി പ്രയോഗങ്ങളുണ്ട്. ഏറെക്കുറെ, സഹോ, രതീഷ് എന്നിവ ശ്രദ്ധയാകർഷിച്ചിരുന്നു. ‘രതീഷ്… എണീക്കു രതീഷ് ഇങ്ങനെ കിടന്ന് ഉറങ്ങാമോ…’; ഹിറ്റായ ആ ഡയലോഗിന് പിന്നിലെ കഥ വിഷ്ണു ഉണ്ണികൃഷ്ണന് പറയുന്നു.
‘ഞങ്ങളുടെ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ തന്നെയാണ് ആ സിനിമ. അതിലെ തമാശകളും ചില സരസ പ്രയോഗങ്ങളും അത്തരത്തില്‍ വന്നതാണ്. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന ചില പദപ്രയോഗങ്ങളാണവ. ഞങ്ങള്‍ ചില സാഹചര്യങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ പറഞ്ഞ് ചിരിക്കാറുണ്ട്. അവ സിനിമയിലേക്കും കിട്ടിയാ കിട്ടി എന്ന രീതിയില്‍ ഉള്‍പ്പെടുത്തിയതാണ്. എണീക്ക് രതീഷ് അത്തരത്തില്‍ വന്ന് ഹിറ്റായ ഒരു പ്രയോഗമാണ്. ഇത് മുമ്പ് കൂട്ടുകാര്‍ക്കിടയില്‍ ഞങ്ങള്‍ പറയുന്നതാണ്, ഒരു ഷര്‍ട്ട് എടുത്തിട്ട് ശരിയായില്ലെങ്കില്‍ രതീഷായി പോയി എന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അത് സിനിമയില്‍ എങ്ങിനെ ക്ലിക്കാകും എന്നുള്ള സംശയമുണ്ടായിരുന്നു. എന്നാല്‍ ആ പ്രയോഗം ഏറെ ജനപ്രീതി നേടി എന്നതില്‍ സന്തോഷം’ വിഷ്ണു പറഞ്ഞു.