കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറെ കൈയ്യടികൾ ഏറ്റു വാങ്ങിയ ചിത്രമാണ് മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരൻപ്. റാം സംവിധാനം നിർവഹിച്ച ചിത്രം ഒരു അച്ഛൻ – മകൾ ബന്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പേരൻപിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംവിധായകൻ സക്കറിയ മുഹമ്മദ്.
![Peranbu](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/Peranbu-1.jpg?resize=575%2C499&ssl=1)
പേരൻപ് തുടങ്ങും മുമ്പ് സംവിധായകൻ റാം സംസാരിച്ചിരുന്നു. സ്വന്തം ചിത്രത്തെക്കുറിച്ചും അതിൽ അഭിനേതാക്കളെക്കുറിച്ചും സംവിധായകനെന്ന നിലയിൽ എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന് ഓരോ വാക്കിലും വ്യക്തമായിരുന്നു. റാം പറഞ്ഞു, ഒരുപാട് കാത്തിരുന്നു ഈ കഥാപാത്രം അവതരിപ്പിക്കാൻ ഒരു നടനു വേണ്ടി എന്ന്. അത് എന്തിനായിരുന്നുവെന്ന് ചിത്രം കാണുമ്പോൾ നമുക്ക് മനസ്സിലാകും. ഒരു അച്ഛൻ മകൾ ബന്ധമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. യൂണിവേഴ്സൽ ആയി പറയേണ്ട, അറിയേണ്ട ഒരു വിഷയം. സംവിധായകന്റെ ചിത്രമാണ് പേരൻപ്. ആ കഥ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെ ഔചിത്യപൂർവ്വം അദ്ദേഹത്തിന് തിരഞ്ഞെടുക്കാൻ ആയപ്പോൾ അത് അഭിനേതാക്കളുടെ കൂടി ചിത്രമായി. സിനിമയിലുടനീളം ആ അച്ഛനും മകളും അത്രമേൽ തന്മയത്വത്തോടെ കഥാപാത്രങ്ങളായി പകർന്നാടി. മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയത്തെ വിലയിരുത്താനും ഒന്നും എനിക്കറിയില്ല. പക്ഷേ ചിത്രം കണ്ടാൽ ഒന്ന് അറിയാനാകും, അഭിനയിച്ച് കൊതി തീർന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടിയെന്ന്.
![Peranbu](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/Peranbu-2.jpg?resize=550%2C367&ssl=1)
ചിത്രത്തിൽ മമ്മൂക്ക അവതരിപ്പിച്ച അമുദൻ മകളെ സന്തോഷിപ്പിക്കാൻ വേണ്ടി കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ അവൾ അതൊന്നും തിരിച്ചറിയാതെ, പ്രതികരിക്കാതെ ഇരിക്കുന്നുവെന്ന് തിരിച്ചറിയും നേരം അമുദൻ തകർന്നുപോകും. അദ്ദേഹം അത് തൊണ്ട ഇടറി, സ്വതസിദ്ധമായ ശൈലിയിലാണ് അവതരിപ്പിക്കുന്നത്. മൂന്നുനാല് സെക്കൻഡ് മാത്രം നീളുന്ന ഒരു വോയിസ് മോഡുലേഷന് തീയറ്ററിൽ നിറഞ്ഞ കയ്യടിയാണ് കിട്ടിയത്. മമ്മൂട്ടിയോടുള്ള ഇഷ്ടവും, കാത്തിരുന്ന കണ്ട സിനിമയോടുള്ള ആകാംക്ഷയും കൊണ്ട് എനിക്ക് തോന്നിയതാണെന്ന് കരുതരുത്. വിവിധരാജ്യക്കാരായ പ്രേക്ഷകരുടെ തായിരുന്നു ആ കയ്യടി. അങ്ങനെ ഒരു അനുഭവം പ്രേക്ഷകരിൽ ഉണ്ടാക്കാൻ ആ ഒരു ഒറ്റ സീനിന് കഴിഞ്ഞു. മനസിൽനിന്ന് പോകില്ല ആ രംഗം. ആ അച്ഛനും മകളും നമ്മളെ കൈപിടിച്ചു കൂടെക്കൂട്ടും. വല്ലാത്തൊരു അനുഭവമാണ്. അതുകൊണ്ടാണ് ചിത്രം കണ്ട് വികാരാധീനയായി സംസാരിച്ച സ്ത്രീയോട് മമ്മൂട്ടി മലയാളത്തിലെ മാത്രം അഹങ്കാരമല്ല എന്ന സംവിധായകന് തെല്ലും സംശയമില്ലാതെ പറയാൻ കഴിഞ്ഞത്.
![Peranbu](https://i0.wp.com/cinemadaddy.com/wp-content/uploads/2018/11/Peranbu-3.jpg?resize=500%2C366&ssl=1)
സിനിമ തീർന്നപ്പോൾ മിക്കവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ചിലർ എന്തുപറയണമെന്നറിയാതെ സീറ്റിൽ തന്നെ ഇരുന്നു, ചിലർ കരയുകയായിരുന്നു. സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു അവിടെ കണ്ടത്. എത്ര മികവാർന്നത് ആണെങ്കിലും ചില ചിത്രങ്ങൾക്ക് മാത്രമേ അത്തരമൊരു അനുഭവം പ്രേക്ഷകർക്ക് നൽകാനാകും. അത് നേരിൽ കണ്ടു. അതിലെ നടൻ നമ്മൾ കണ്ടു വളർന്നു സ്നേഹിച്ച ഒരാൾ ആകുമ്പോൾ വേറൊരു ഫീൽ ആണല്ലോ. പല രാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷകർക്ക് മുൻപിൽ ആ നടൻ അംഗീകരിക്കപ്പെടുന്നത് കാണുമ്പോൾ അതിലും വലിയ സന്തോഷം. റാം പറഞ്ഞിരുന്നു, ചിത്രം പല രാജ്യാന്തര വേദികളിലും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പ്രദർശിപ്പിക്കുക എന്നത് വേറൊരു അനുഭൂതിയാണ്. അതേ അനുഭവം തന്നെയാണ് ഓരോരുത്തർക്കും, പ്രത്യേകിച്ച് മലയാളികൾക്ക്. കാരണം അടുത്ത ദശാബ്ദങ്ങളിലൊന്നും നമ്മൾ മലയാളസിനിമയിൽ ഇങ്ങനെയൊരു മമ്മൂട്ടിയെ കണ്ടിട്ടില്ല