കൃത്രിമകാൽ ഓരോ തവണയും അഴിച്ചു പരിശോധിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദന പങ്കുവെച്ച് സുധാ ചന്ദ്രൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് സുധാ ചന്ദ്രൻ തന്റെ സങ്കടം പങ്കുവെച്ചത്. വർഷങ്ങൾക്ക് മുമ്പ് കാർ അപകടത്തെ തുടർന്നാണ് സുധാ ചന്ദ്രന് ഒരു കാൽ നഷ്ടപ്പെട്ടത്. ഒരു കാൽ അപകടത്തിൽ നഷ്ടപ്പെട്ടെങ്കിലും കൃത്രിമക്കാലുമായി പൂർവാധികം ശക്തിയോടെ സുധാ ചന്ദ്രൻ നൃത്തരംഗത്തേക്കും അഭിനയരംഗത്തേക്കും എത്തുകയായിരുന്നു. ഇതിലൂടെ സുധാ ചന്ദ്രൻ ഒരുപാട് പേർക്ക് പ്രചോദനമായി മാറുകയും ചെയ്തിരുന്നു.
എന്നാൽ, കൃത്രിമക്കാൽ വെച്ച് അഭിനയരംഗത്തും നൃത്തരംഗത്തും സജീവമായ സുധാ ചന്ദ്രൻ തന്റെ വേദന പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് കൃത്രിമക്കാൽ കൊണ്ട് തനിക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സുധാ ചന്ദ്രൻ പറയുന്നത്. യാത്രയ്ക്കിടെ വിമാനത്താവളങ്ങളിലെ പരിശോധനയുടെ ഭാഗമായി എപ്പോഴും കൃത്രിമക്കാൽ ഊരി മാറ്റേണ്ടി വരുന്നത് തനിക്ക് വളരെയധികം ശാരീരിക വിഷമതകൾ നൽകുന്നെന്ന് താരം പറയുന്നു. തന്നെപ്പോലുള്ള മുതിർന്ന പൗരൻമാർക്ക് ഇത്തരത്തിലുള്ള പരിശോധനകൾ ഒഴിവാക്കാൻ പ്രത്യേക കാർഡ് നൽകണമെന്നും വീഡിയോയിലൂടെ പ്രധാനമന്ത്രിയോട് അവർ അഭ്യർത്ഥിച്ചു.
‘ഇത് പ്രിയപ്പെട്ട പ്രധാനമന്ത്രി മോദിജിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്ന വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. പ്രധാനമന്ത്രി മോദിജിയും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇത് ശ്രദ്ധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ സുധാ ചന്ദ്രനാണ്. ഞാനൊരു നടിയും നർത്തകിയുമാണ്. എന്റെ ഒരു കാൽ കൃത്രിമമാണ്. ആ കാലിന്റെ പരിമിതികളെ തോൽപിച്ച് ഞാൻ എന്റെ രാജ്യത്തിന് അഭിമാനമായിട്ടുണ്ട്. എന്നാൽ, എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട യാത്രകൾക്കായി വിമാനത്താവളങ്ങളിൽ എത്തുമ്പോൾ സുരക്ഷാപരിശോധനയുടെ ഭാഗമായി കൃത്രിമകാൽ അഴിച്ചു പരിശോധിക്കുന്നു. ഇത് ശാരീരിക വിഷമതകൾക്കൊപ്പം മാനസികമായും എന്നെ ബാധിക്കുന്നു. ഇത്തരം പരിശോധനകൾ ഒഴിവാക്കാൻ തന്നെപ്പോലുള്ള മുതിർന്ന പൗരൻമാർക്ക് പ്രത്യേക കാർഡ് നൽകണം’- വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവർ അഭ്യർത്ഥിച്ചു.
View this post on Instagram