ദളപതി വിജയ്യും സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ദക്ഷിണേന്ത്യയിൽ വമ്പൻ ആരാധക വൃന്ദമുള്ള രണ്ടു താരങ്ങളാണ്. തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഒക്കുടു, പോക്കിരി എന്നീ ചിത്രങ്ങളുടെ റീമേക്കുകളിലൂടെയാണ് തമിഴ് സിനിമാലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുവാൻ വിജയ് തുടക്കം കുറിച്ചത്. 2003-ല്‍ പുറത്തിറങ്ങിയ ഒക്കുടു എന്ന മഹേഷ് ബാബു ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ഗില്ലിയാണ് വിജയ്യെ ഒരു മാസ് ഹീറോ എന്ന സ്ഥാനത്ത് ഊട്ടിയുറപ്പിച്ചത്. തമിഴില്‍ ആദ്യമായി 50 കോടി കലക്ഷന്‍ നേടി ഇന്‍ഡസ്ട്രിയുടെ ചരിത്രം തന്നെ തിരുത്തിയ ചിത്രമായിരുന്നു ഗില്ലി. 2007-ല്‍ മഹേഷ് ബാബുവിന്റെ തന്നെ മറ്റൊരു ചിത്രമായ പോക്കിരിയുടെ റീമേക്കിലൂടെ വിജയ് വീണ്ടും പ്രേക്ഷകരേയും ബോക്സോഫീസിനേയും ഞെട്ടിച്ചു.
ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രമെന്നത് പ്രേക്ഷകർക്കും ഏറെ ആകാംക്ഷയുണർത്തുന്ന ഒന്നാണ്. 2016ൽ ഇരുവരും ഒന്നിക്കുന്ന പൊന്നിയിൻ സെൽവൻ ചെയ്യുവാൻ മണിരത്നം ആലോചിച്ചിരുന്നു. ഷൂട്ടിംഗ് തുടങ്ങാറായപ്പോഴാണ് ആ പ്രൊജക്റ്റ് വേണ്ടായെന്ന് വെച്ചത്. വിക്രം, കാർത്തി, ആര്യ, പ്രഭു, കാർത്തിക് എന്നിങ്ങനെ വമ്പൻ താരനിരയും മണിരത്നം അന്ന് ആ പ്രോജെക്ടിനായി ഒരുക്കി നിർത്തിയിരുന്നു.
മണിരത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി ആ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. വിജയ്യും മഹേഷ് ബാബുവും ചിത്രത്തിനായി കരാർ ഒപ്പു വെച്ചിരുന്നെന്നും വി എഫ് എക്സും ഗ്രാഫിക്സ് സാങ്കേതികതയും അന്ന് ഇന്നത്തെ അത്രത്തോളം വളർന്നിട്ടില്ലായിരുന്നു എന്നത് കൊണ്ടാണ് ആ പ്രൊജക്റ്റ് ഉപേക്ഷിച്ചതെന്നും സുഹാസിനി വെളിപ്പെടുത്തി. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ പകരം വെക്കാനില്ലാത്ത ഒരു താരനിരയുമായി മണിരത്നം ‘പൊന്നിയിൻ സെൽവന്റെ’ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.