ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സുമേഷ് ആൻഡ് രമേഷ് എന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. നവാഗതനായ സനൂപ് തൈക്കുടം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സലിം കുമാർ, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ ഏറെ ചിരിക്കാനുണ്ടെന്നും എല്ലാ വീടുകളിലും നടക്കുന്ന കഥയാണിതെന്നുമാണ് ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണം.
വൈറ്റ്സാൻഡ്സ് മീഡിയ ഹൗസിന്റെ ബാനറിൽ കെ എൽ 7 എന്റർടൈൻമെന്റ്സുമായി ചേർന്ന് ഫരീദ്ഖാൻ നിർമ്മിക്കുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’. ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ് അയൂബ് ഖാനും ആണ്. സംഗീത സംവിധാനം യാക്സൺ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ ചേർന്നാണ്. സനൂപ് തൈക്കുടവും ജോസഫ് വിജീഷും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
സുമേഷ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസിയും രമേഷ് എന്ന കഥാപാത്രമായി ബാലു വർഗീസും ചിത്രത്തിൽ എത്തുന്നു. അർജുൻ അശോകൻ, രാജീവ് പിള്ള. സലിം കുമാർ, പ്രവീണ, സുധീപ് ജോഷി, ഷെബിൻ, ബെൻസൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ ഇന്ദുകലാധരൻ എന്ന അച്ഛൻ കഥാപാത്രമായാണ് സലിം കുമാർ എത്തുന്നത്.
അടുത്തകാലത്ത് താൻ ചെയ്ത ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ഇന്ദുകലാധരൻ എന്ന് സലിം കുമാർ വ്യക്തമാക്കി. താൻ വീട്ടിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഈ സിനിമയിലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്ക് രണ്ട് ആൺമക്കളാണ്. എന്റെ വീട്ടിൽ ഞാൻ എപ്പോഴും പറയുന്ന ഡയലോഗ് പോലും പടത്തിലുണ്ട്. ഇതൊന്നും എന്റെ കുടുംബത്തിൽ നടക്കില്ല എന്ന ഡയലോഗ് ആണത്’ – സലിം കുമാർ തന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമാക്കി.