തിയറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത് സുമേഷും രമേഷും. ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിൽ 810 ഹൗസ്ഫുൾ ഷോകൾ ആണ് സുമേഷിനും രമേഷിനും വേണ്ടി ഒരുങ്ങിയത്. നവാഗതനായ സനൂപ് തൈക്കുടം ആണ് സുമേഷ് ആൻഡ് രമേഷ് സിനിമയുടെ സംവിധായകൻ. ഡിസംബർ പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ദിവസങ്ങൾ കഴിയുമ്പോൾ നിരവധി പ്രേക്ഷകരാണ് സുമേഷിനെയും രമേഷിനെയും കാണാൻ എത്തിയത്.
ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ സലിം കുമാർ, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വൈറ്റ് സാൻഡ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോസഫ് വിജീഷ് സനൂപ് തൈക്കുടം എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചെറിയ ചിത്രമാണെങ്കിലും മികച്ച സ്വീകരണമാണ് സുമേഷ് ആൻഡ് രമേഷിന് പ്രേക്ഷകർ നൽകിയത്. ഞായറാഴ്ചയും ശനിയാഴ്ചയും നിരവധി ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഫീൽ ഗുഡ് എന്റർടയിൻമെന്റായ ചിത്രം കുടുംബങ്ങൾക്കൊപ്പം കുട്ടികളെയും യൂത്തിനെയും ആകർഷിക്കുന്നു, ചിത്രത്തിൽ സഹോദരങ്ങളായി ബാലുവും ശ്രീനാഥ് ഭാസിയും എത്തുന്നു. ഇവരുടെ മാതാപിതാക്കളുടെ വേഷത്തിലാണ് സലിം കുമാറും പ്രവീണയും എത്തുന്നത്.