മലയാള സിനിമാ ചരിത്രത്തിലെ ഇന്നേ വരെയുള്ള ഏറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ബ്രഹ്മാണ്ഡ സിനിമയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. പ്രശസ്ത സംവിധായകൻ പ്രിയദർശൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന ഡിസംബർ രണ്ടു മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും വലിയ ആഗോള റിലീസാണ് മരക്കാർ നേടാൻ പോകുന്നത് എന്ന് മാത്രമല്ല, ഇതിനോടകം മലയാള സിനിമയിലെ സകല അഡ്വാൻസ് ബുക്കിങ് റെക്കോർഡുകളും ചിത്രം തകർത്തു കഴിഞ്ഞു.
ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ബോളിവുഡ് താരം സുനിൽ ഷെട്ടി പറയുന്നത് ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും മരക്കാർ എന്നാണ് സുനിൽ ഷെട്ടി പറയുന്നത്. ഈ ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ആയാണ് സുനിൽ ഷെട്ടി എത്തുന്നത്. അടുത്ത ഒരു ഇരുപതു വർഷത്തേക്കു മലയാളത്തിൽ ഇത്തരത്തിൽ ഒരു സിനിമ ഉണ്ടാവാൻ സാധ്യത ഇല്ല എന്ന് നടൻ ഗണേഷ് കുമാർ പറയുമ്പോൾ, ഏറെ പ്രത്യേകതകളുള്ള ഒരു സിനിമയാണ് കുഞ്ഞാലി മരക്കാർ എന്നും സംവിധായകൻ ഫാസിലും പറയുന്നു. നമ്മളെ അത്ഭുതപ്പെടുത്തുന്ന ചിത്രമാകും മരക്കാർ എന്ന് മഞ്ജു വാര്യരും മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ചിത്രമാകും ഇതെന്ന് നടൻ സിദ്ദിക്കും പറയുന്നു.
സുബൈദ എന്ന കഥാപാത്രമായി മഞ്ജു വാര്യർ ഇതിൽ അഭിനയിച്ചിട്ടുണ്ട്. അതുപോലെ തന്നെ പട്ടു മരക്കാർ ആയി സിദ്ദിക്കും, വേർകോട്ടു പണിക്കർ ആയി ഗണേഷ് കുമാറും ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. ഇവരെ കൂടാതെ വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി അറുപതു ലോക രാജ്യങ്ങളിൽ ആണ് മരക്കാർ എത്താൻ പോകുന്നത്. സംസ്ഥാന അവാർഡിലും ദേശീയ അവാർഡിലും തിളങ്ങിയ മരക്കാർ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമെന്ന ബഹുമതിയും കൂടി നേടിയെടുത്ത ചിത്രമാണ്.