വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിച്ച പുതിയ ചിത്രമാണ് മണിയറയിലെ അശോകൻ. ചിത്രം ഇന്ന് തിരുവോണദിനത്തിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. നവാഗതനായ ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്.
ചിത്രത്തിൽ നടൻ സണ്ണി വെയ്നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജയൻ എന്ന കഥാപാത്രത്തെ ആണ് സണ്ണി വെയ്ൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറ്റവും രസകരമായ കാര്യം ചിത്രത്തിൽ സണ്ണി വെയ്ന്റെ ഭാര്യയായി അഭിനയിക്കുന്നത് യഥാർത്ഥ ജീവിതത്തിലെ സണ്ണി വെയ്ന്റെ ഭാര്യയായ രഞ്ജിനിയാണ്. ഭാര്യയും ഭർത്താവും ഒന്നിച്ച് സ്ക്രീൻ എത്തിയപ്പോൾ പ്രേക്ഷകർക്കും അത് സുഖമുള്ള ഒരു കൗതുകമായി. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു. ഷിയാസ് അമ്മദ്കോയയുടേതാണ് രസകരമായ വരികൾ. അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമാണ്.