മോഹൻലാലിൻറെ അഭിനയം കണ്ട് കട്ട് പറയാൻ മറന്നുപോകുന്നതായി പല സംവിധായകരും പറഞ്ഞിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് മിക്കവാറും മോഹൻലാൽ നടത്താറുള്ളതെന്ന് സഹപ്രവർത്തകരും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാൽ മുൻപിൽ നിന്നാൽ അഭിനയിക്കുവാൻ നാണമാണെന്ന് പറഞ്ഞ തെലുങ്ക് സൂപ്പർസ്റ്റാറിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മോഹൻലാലിൻറെ പ്രിയസുഹൃത്തും നടനുമായ മുകേഷ്.
പ്രിയദർശൻ ചിത്രം കാക്കകുയിലിന്റെ ഷൂട്ട് ഹൈദരാബാദിൽ നടക്കുന്ന സമയം. അടുത്ത് തന്നെ ഒരു തെലുങ്ക് സൂപ്പർസ്റ്റാർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും അടുത്ത് നടക്കുന്നുണ്ടായിരുന്നു. മോഹൻലാലും മുകേഷുമെല്ലാം കൂടി പരിചയമുള്ളതിനാൽ അവിടെ ഷൂട്ട് കാണുവാനും പോയി. ഒരു ഷോട്ട് എടുക്കുന്നത് കണ്ടിട്ട് പോകാമെന്ന് പറഞ്ഞ് ലാലും മുകേഷുമെല്ലാം അവിടെ നിന്നെങ്കിലും പത്തു പതിനഞ്ച് മിനിറ്റ് ആയിട്ടും ഷോട്ട് ഒന്നും എടുക്കുന്നില്ലായിരുന്നു. അപ്പോഴാണ് അവിടുത്തെ പ്രൊഡക്ഷൻ കൺട്രോളർ വന്ന് മോഹൻലാൽ നിന്നാൽ സൂപ്പർസ്റ്റാറിന് അഭിനയിക്കുവാൻ നാണമാണെന്നും മോഹൻലാൽ സെറ്റിൽ നിന്ന് പോയാലേ അഭിനയിക്കുവാൻ സാധിക്കൂ എന്നും പറഞ്ഞു. ഇത് കേട്ട മുകേഷ് മോഹൻലാലിനെ അവിടെ നിന്നും വിളിച്ചു കൊണ്ട് പോയി. നമ്മൾ പോയാൽ അവർക്ക് സങ്കടം ആകില്ലേ എന്ന് ചോദിച്ച മോഹൻലാലിനോട് സന്തോഷമേ ആകൂവെന്നായിരുന്നു മുകേഷിന്റെ മറുപടി.