സംവിധായകൻ വിനയന്റെ വിലക്ക് നീക്കി തങ്ങള്‍ക്ക് പിഴ ചുമത്തിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ നൽകിയ ഹർജി സുപ്രീംകോടതി തളളി. തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവിറക്കിയതെന്നും വിധി പുറപ്പെടുവിക്കാന്‍ ഇവര്‍ക്ക് അധികാരമില്ലെന്നുമായിരുന്നു ഫെഫ്കയുടെ വാദം. എന്നാൽ ജസ്റ്റിസ് ആര്.എഫ് നരിമാന് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഈ വാദങ്ങൾ തളളുകയായിരുന്നു. സത്യം എല്ലാക്കാലത്തും ജയിക്കുമെന്നാണ് കോടതി നടപടിയിലൂടെ മനസിലാകുന്നതെന്നായിരുന്നു വിനയന്റെ പ്രതികരണം. അച്ഛൻ്റെ പന്ത്രണ്ടു കൊല്ലത്തെ പോരാട്ടത്തിന് വിജയകരമായ പരിസമാപ്തിയെന്നാണ് മകൻ വിഷ്ണു വിനയ് കുറിച്ചത്.
പന്ത്രണ്ട് വർഷമായിട്ടാണ് വിനയൻ ഈ നിയമപോരാട്ടം തുടങ്ങിയിട്ട്. വിലക്കിനെതിരെ വിനയൻ നൽകിയ പരാതിയിൽ 2017 മാർച്ചിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് അമ്മയ്ക്ക് നാലുലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അന്ന് ബി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ അടക്കം നാല് അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ അപ്പീലുകള്‍ തളളിക്കളഞ്ഞ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ 2020 മാർച്ചിൽ പിഴശിക്ഷ ശരിവച്ചിരുന്നു. സുപ്രീംകോടതിയില്‍ നല്കിയ ഹർജിയിൽ ഇതിനെയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ചോദ്യം ചെയ്യാൻ ശ്രമിച്ചതും കോടതി തളളിക്കളഞ്ഞതും.