ജന്മദിനത്തിൽ അച്ഛനെക്കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പുമായി സുപ്രിയ മേനോൻ പൃഥ്വിരാജ്. തന്റെ ഓരോ പിറന്നാളുകളും വളരെ സ്പെഷ്യൽ ആയി ആഘോഷിച്ചിരുന്ന അച്ഛനെക്കുറിച്ച് ഓർക്കുകയാണ് സുപ്രിയ. ഈ ജന്മദിനം ആഘോഷിക്കണോ അതോ ഇരുന്ന് കരയണോ എന്ന് പോലും തനിക്ക് അറിയില്ലെന്നും സുപ്രിയ കുറിക്കുന്നു. വിവാഹത്തിന്റെ തലേദിവസം അച്ഛനൊപ്പം നൃത്തം ചെയ്യുന്ന അപൂർവചിത്രങ്ങൾ പങ്കുവെച്ചാണ് സുപ്രിയയുടെ കുറിപ്പ്.
ചിത്രങ്ങൾക്ക് ഒപ്പം സുപ്രിയ കുറിച്ചത് ഇങ്ങനെ, ‘പിറന്നാളുകൾ എന്റെ വീട്ടിൽ എന്നും വളരെ സ്പെഷ്യൽ ആയിരുന്നു. അച്ഛൻ (അമ്മയും) ഞാൻ ലോകത്തിന്റെ ഏറ്റവും മുകളിലാണെന്ന് തോന്നിപ്പിച്ചു. എല്ലായ്പ്പോഴും എനിക്ക് പുതിയ വസ്ത്രങ്ങൾ ലഭിച്ചു. സമ്മാനങ്ങളും മനോഹരമായ പിറന്നാൾ പാർട്ടികളും കേക്കും എല്ലാം ജന്മദിനങ്ങളിൽ എനിക്കായി ഒരുക്കി. ഞാൻ അവർക്ക് അത്ര സ്പെഷ്യൽ ആണെന്ന് ഓരോ ദിവസവും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. എന്നാൽ, ഇങ്ങനെയെല്ലാം എന്നെ തോന്നിപ്പിച്ചു കൊണ്ടിരുന്നയാൾ എന്നോടൊപ്പമില്ല. ഇനി ഒരിക്കലും എന്നോടൊപ്പമില്ല. എനിക്കറിയില്ല, ഇന്ന് ആഘോഷിക്കണോ അതോ ഇരുന്ന് കരയണോ എന്ന്. എനിക്കിത് വരെയും ഡാഡിയുടെ മരണം ഉണ്ടാക്കിയ നഷ്ടം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല’ -സുപ്രിയ കുറിച്ചു.
വിവാഹത്തലേന്ന് അച്ഛനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും സുപ്രിയ പങ്കുവെച്ചു. ‘എന്റെ വിവാഹത്തലേന്നുള്ള രാത്രിയിലെ ചിത്രങ്ങളാണ് ഇത്. മെഹന്ദി രാത്രിയിൽ ഞാനും ഡാഡിയും നൃത്തം ചെയ്യുന്ന ചിത്രങ്ങളാണിവ. ഒരു സുഹൃത്ത് എന്റെ ഇഷ്ടപ്പെട്ട പാട്ടുകൾ പ്ലേ ചെയ്തു. മറ്റൊരു സുഹൃത്ത് ഈ ചിത്രങ്ങൾ പകർത്തി. പിറ്റേന്ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ എല്ലാ സമ്മർദ്ദങ്ങൾക്കും തിരക്കുകൾക്കും ഇടയിൽ പോലും കുറച്ചു സമയം കണ്ടെത്തി എന്നോടൊപ്പം ഡാഡി നൃത്തം ചെയ്തു. അങ്ങനെയായിരുന്നു അദ്ദേഹം. എല്ലായ്പ്പോഴും സ്പെഷ്യൽ. ഞാനും സ്പെഷ്യൽ ആണെന്ന് അദ്ദേഹം എന്നെ ഓർമപ്പെടുത്തി. എന്റെ പിറന്നാളിന് എന്നെ ഓർത്തവർക്കും ആശംസകൾ നേർന്നവർക്കും നന്ദി. ഡാഡി ഒപ്പമുണ്ടെന്ന പോലെ ഇന്ന് ആഘോഷിക്കാൻ ശ്രമിക്കുന്നു’ – നിരവധി പേരാണ് കുറിപ്പിന് താഴെ സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.
View this post on Instagram