സിനിമാപ്രേമികൾക്ക് ഇത്തവണത്തെ ക്രിസ്മസ് സമ്മാനമായിരുന്നു മിന്നൽ മുരളി. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കിയ ചിത്രമായ മിന്നൽ മുരളി രാജ്യാതിർത്തികൾ കടന്ന് ശ്രദ്ധ നേടുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നെറ്റ്ഫ്ലിക്സിന്റെ ടോപ് 10 ലിസ്റ്റിൽ ഇടം പിടിക്കുകയും പിന്നീട് ടോപ് 10 ൽ ഒന്നാമത് എത്തുകയും ചെയ്തു.
സോഷ്യൽ മീഡിയ നിറയെ മിന്നൽ മുരളിയെക്കുറിച്ചുള്ള ചർച്ചകളാണ് നിറയുന്നത്. ചിത്രം റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം നായകനായ ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ വൈറലായിരുന്നു. ‘ഫ്ലൈയിംഗ് ലെസൻസ് 101’ എന്ന കാപ്ഷനോടെ ആയിരുന്നു പുഷ് അപ് എടുത്ത് പറന്നു പൊങ്ങുന്ന ഒരു വീഡിയോ പങ്കുവെച്ചത്. ‘അടുത്ത മിഷനായി പുതിയ ചില ചലനങ്ങൾ പഠിക്കുന്ന മുരളി’ എന്നാണ് വീഡിയോയ്ക്ക് ടോവിനോ നൽകിയ അടിക്കുറിപ്പ്.
ഏതായാലും ടോവിനോയുടെ ‘പറക്കും ചലഞ്ച്’ ഏറ്റെടുത്തിരിക്കുകയാണ് നടനായ സുരാജ് വെഞ്ഞാറമൂട്. ‘വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം ഉയർന്നു പൊങ്ങി നിൽക്കുന്ന തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മിന്നൽ മുരളി, ബേസിൽ ജോസഫ്, ടോവിനോ തോമസ് എന്നീ ടാഗുകൾക്ക് ഒപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘വൻ പൊളി’ എന്നാണ് ഇതിനു മറുപടിയായി ടോവിനോ കമന്റ് ബോക്സിൽ കുറിച്ചത്. താരങ്ങളായ മുക്ത, പ്രിയങ്ക നായർ, ലെന തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
View this post on Instagram