ഇന്ന് മലയാള സിനിമാലോകം ഏറെ അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി ലോകത്ത് നിന്നും കടന്ന് വന്ന് കൊമേഡിയനായി തിളങ്ങി നിന്ന സമയത്താണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി സുരാജ് ഏവരേയും ഞെട്ടിച്ചത്. പിന്നീട് അങ്ങോട്ട് എണ്ണം പറഞ്ഞ വേറിട്ട റോളുകൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും സുരാജിന്റെ ഗംഭീര പ്രകടനമാണ് പ്രേക്ഷകർ കണ്ടത്. ഒരു യമണ്ടൻ പ്രേമകഥ, ഫൈനൽസ്, വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കൈയ്യടി നേടുന്ന പ്രകടനമാണ് സുരാജ് കാഴ്ച്ച വെച്ചത്.
ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സുരാജ് നായകനാകുന്ന പുതിയ ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ നായികയായി എത്തുമെന്നാണ് അറിയുന്നത്. എം മുകുന്ദന്റെ പ്രശസ്ത ചെറുകഥയായ ‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’യാണ് അതേ പേരിൽ സിനിമയാകുന്നത്. സജീവൻ എന്ന മടിയനായ ഓട്ടോ ഡ്രൈവറായി സുരാജ് എത്തുമ്പോൾ ഭാര്യ രാധികയുടെ വേഷമാണ് മഞ്ജു വാര്യർ ചെയ്യുന്നത്. ഹരി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എം മുകുന്ദൻ തന്നെയാണ്.