സുരേഷ് ഗോപിയുടെ 250ആം ചിത്രം എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു കടുവകുന്നേൽ കുറുവച്ചൻ എന്ന ചിത്രം. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഈ ചിത്രത്തിന് കോടതിയുടെ വിലക്ക് ലഭിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുവാനിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ ചിത്രത്തിനെതിരെ കോടതിയിൽ പരാതി നൽകിയത്. പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമായ കടുവ എന്ന ചിത്രം കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന നായക കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഡിസംബറില്‍ ഷൂട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ സുരേഷ് ഗോപി ചിത്രവും ഷൂട്ടിലേക്ക് ഇപ്പോൾ എത്തുകയാണ്. എസ്.ജി 250 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പേര് ഉടന്‍ പുറത്തുവിടുമെന്ന് ടോമിച്ചൻ മുളകുപാടം അറിയിച്ചു.
ടോമിച്ചൻ മുളകുപാടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
അടങ്ങാത്ത ആവേശങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വർഷങ്ങൾ..❤️
ഇന്നും സ്വീകരണമുറികളിൽ പ്രേക്ഷകർ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേൽക്കുന്നത് എന്നത് ഒരു നിർമാതാവ് എന്ന നിലയിൽ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. സുരേഷ് ഗോപിയുടെ ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കടുവ എന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്ന ജിനു എബ്രഹാമാണ് കോടതിയിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച കോടതി സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗും അതുപോലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു.