ഇക്കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ സ്വന്തം സുരേഷ് ഗോപി 62-ാം
പിറന്നാള്‍ ആഘോഷിച്ചത്. ആലപ്പുഴയിലെ ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്ന കെ ഗോപിനാഥന് പിള്ളയുടെയും വി ഗണലക്ഷ്മിയമ്മയുടെയും മകനായി 1958 ജൂണ്‍ 26 നായിരുന്നു സുരേഷ് ഗോപിയുടെ ജനനം. ആലപ്പുഴയില്‍ ജനിച്ചെങ്കിലും സുരേഷ് ഗോപിയുടെ കുട്ടിക്കാലം കൊല്ലത്തായിരുന്നു. പഠനം ഇന്‍ഫാന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്കൂളിലും.
കോളേജ് വിദ്യാഭ്യാസം, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍. ജന്തുശാസ്ത്രത്തില്‍ ബിരുദമെടുത്ത സുരേഷ് ഗോപി, ഇംഗ്ലീഷ് ഭാഷയിലാണ് തന്റെ ബിരുദാനന്തരബിരുദം നേടിയത്. ഏഴാം വയസ്സിലായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ സിനിമാ അഭിനയം. പഠനകാലത്ത് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സുരേഷ് ഗോപി.
1965 ല്‍ കെ എസ് സേതുമാധവന് സംവിധാനം ചെയ്ത ‘ഓടയില്‍ നിന്ന്’ എന്ന സിനിമയിലാണ് സുരേഷ് ഗോപി ആദ്യമായി അഭിനയിച്ചത്. പിന്നീട് പഠനത്തിലേക്ക് തിരിഞ്ഞ അദ്ദേഹം, തന്റെ രണ്ടാമത്തെ ചിത്രം ചെയ്യുന്നത് നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 1986 ലാണ്.
1986 ലെ രണ്ടാം വരവില്‍, പത്ത് ചിത്രങ്ങളില്‍ സുരേഷ് ഗോപി അഭിനയിച്ചു. ഇതില്‍ യുവജനോത്സവം, ടി പി ബാലഗോപാലന് എം എ, രാജാവിന്റെ മകന്, എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ’86 മുതല്‍ ’90 വരെയുള്ള കാലത്ത് സുരേഷ് ഗോപി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പലതും വില്ലന്‍ കഥാപാത്രങ്ങളും സഹതാരവുമൊക്കെയായിട്ടായിരുന്നു. 1990 ല്‍ ആറന്മുള പൊന്നമ്മയുടെ കൊച്ചുമകള്‍ രാധികയെ ജീവിത സഖിയാക്കി.
1992 ല്‍ ഷാജി കൈലാസിന്റെ ‘തലസ്ഥാന’മായിരുന്നു സുരേഷ് ഗോപി എന്ന നടന് മലയാള സിനിമയില്‍ നായക പരിവേഷം നല്കിയ ആദ്യ ചിത്രം. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ കൂടുതല്‍ സിനിമകള്‍ ഇറങ്ങിയതോടെ ’90 കള്‍ സുരേഷ് ഗോപിയുടെ കാലം കൂടിയായി. ഏകലവ്യന് (1993), മാഫിയ (1993), കമ്മീഷണര്‍ (1994), ലേലം (1997), പത്രം (1999). സുരേഷ് ഗോപിയുടെ ഗ്രാഫുയര്‍ത്തിയ ജോഷി ചിത്രങ്ങളായിരുന്നു. ഇതിനിടെ അഞ്ച് കുട്ടികളുടെ അച്ഛനുമായിത്തീര്ന്നു സുരേഷ് ഗോപി. കാറപകടത്തെ തുടര്‍ന്ന്, മകള്‍ ലക്ഷ്മിയുടെ മരണം സുരേഷ് ഗോപിയെ ഏറെ തകര്‍ത്തു.
1997 ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ കണ്ണന് പെരുവണ്ണാന്റെ അഭിനയത്തിന് അതേ വര്‍ഷത്തെ ഏറ്റവും നല്ല നടനുള്ള സംസ്ഥാന – ദേശീയ അവാര്‍ഡുകള്‍ സുരേഷ് ഗോപിക്ക് നേടിക്കൊടുത്തു. 2014 ല്‍ ‘അപ്പോത്തിക്കിരി’യിലെ അഭിനയത്തിന് അദ്ദേഹം വീണ്ടും ദേശീയ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു.
എന്നാല്‍ 2000 മുതല്‍ ‘ 90 കളുടെ തിളക്കം നിലനിര്‍ത്താന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല. വീണ്ടും സിനിമയിലേക്കുള്ള തിരിച്ച് വരവിനൊരുങ്ങുകയാണ് സുരേഷ് ഗോപി. വിജയ് ആന്റണിയുടെ ‘തമിളരശ’നും നിഥിന് രഞ്ജിപ്പണിക്കരുടെ ലേലം 2 മാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.