ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തിയ ചിത്രം ‘കാവൽ’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. തൊണ്ണൂറുകളിലെ സുരേഷ് ഗോപിയെ വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കാൻ നിഥിന് കഴിഞ്ഞതായി പ്രേക്ഷകർ പറഞ്ഞിരുന്നു. ചിത്രത്തിൽ ഒരു ഡയലോഗ് കൂടി ഉൾപ്പെടുത്താമായിരുന്നു എന്നും ആ ഡയലോഗോ കൂടി ഉണ്ടായിരുന്നെങ്കിൽ ചിത്രം 100 കോടി ക്ലബിൽ എത്തുമായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
‘സിനിമയിൽ ഒന്ന് രണ്ടിടത്തെങ്കിലും എന്റെ സ്ഥിരം ഡയലോഗുകൾ വേണമായിരുന്നെന്ന രീതിയിലുള്ള ഒരുപാട് അഭിപ്രായ പ്രകടനങ്ങൾ വന്നിരുന്നു. അവസാനരംഗത്ത് ഒരു ഡയലോഗ് ഞാൻ അച്ചുവിനോട് പറഞ്ഞു. നിന്റെയീ ചങ്കു കൂട് ഉണ്ടല്ലോ വാരിയെല്ല് പൊടിച്ച് മെറ്റലിലിട്ട് കലർത്തി കളയും ഞാൻ. പന്ന….മോനേ.. ഇതു കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു 100 കോടി ക്ലബിൽ കേറുമായിരുന്നോ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.’ – സുരേഷ് ഗോപി പറഞ്ഞു.
ഹൈറേഞ്ച് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന കാവൽ സിനിമ ഒരു ആക്ഷൻ – ഇമോഷണൽ ഫാമിലി ഡ്രാമയാണ്. ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയത്. രൺജി പണിക്കരും വളരെ പ്രാധാന്യമുള്ള ഒരു വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന് രാജന് പി ദേവ് എന്നിവരും കഥാപാത്രങ്ങളായെത്തി. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പർ താര ചിത്രമായിരുന്നു കാവൽ.