സെപ്റ്റംബറിൽ വിവാഹിതയാകുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിക്ക് സഹായഹസ്തങ്ങൾ നീട്ടി നടനും സാമൂഹികപ്രവർത്തകനുമായ സുരേഷ് ഗോപി. ഏറ്റുമാനൂർ സ്വദേശിയായ അശ്വതി അശോക് എന്ന യുവതിക്കാണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപയും വിവാഹവസ്ത്രവും നൽകി സഹായിച്ചത്. 21 വർഷങ്ങൾക്ക് മുൻപ് അച്ഛനെ നഷ്ടമായ അശ്വതിയുടെ അമ്മ ഒരു റിസോർട്ടിൽ തൂപ്പുകാരിയായിട്ടാണ് ജോലി നോക്കി കുടുംബം പുലർത്തുന്നത്.
#SG gifts a wedding garment and an amount of Rs. 1 lakh to Aswathy Ashok who is preparing for her wedding on September 9th. She lost her father 21 years ago and her mother works as a sweeper in a resort. pic.twitter.com/q5OFWgzbBH
— Superstar Suresh Gopi (@SGOfficialTeam) August 31, 2021
കോവിഡ് പ്രതിസന്ധി വന്നതോട് കൂടിയാണ് വിവാഹം നടത്തുന്നത് ബുദ്ധിമുട്ടായി മാറിയത്. സെപ്റ്റംബർ ഒൻപതിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹം നടത്തുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ദേവികുളം ലോക്കൽ പോലീസ് സ്റ്റേഷനിലെ ഓഫീസർമാരാണ് സുരേഷ് ഗോപിയെ അറിയിച്ചത്. തുടർന്ന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് മുന്നിൽ വെച്ച് ഒരു ലക്ഷത്തിന്റെ ചെക്കും വിവാഹവസ്ത്രവും താരം അശ്വതിക്ക് നൽകി.
സൂപ്പർഹിറ്റ് സംവിധായകൻ ജോഷി ഒരുക്കുന്ന പാപ്പന്റെ ചിത്രീകരണ തിരക്കുകളിലായിരുന്നു സുരേഷ് ഗോപി. ഗോകുൽ സുരേഷ്, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, കനിഹ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിന്റെ ഷൂട്ടും താരം നേരത്തെ പൂർത്തീകരിച്ചിരുന്നു. രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന ചിത്രമാണ് മറ്റൊന്ന്. SG251 എന്ന ഒരു താത്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ കൊച്ചിയിലുള്ള അറുപത്തഞ്ചുകാരനായ വാച്ച് മെക്കാനിക്കായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെട്ടതാണ് ചിത്രം.