മലയാളികളുടെ പ്രിയങ്കരനായ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാൾ ആയിരുന്നു ഇന്നലെ. മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള വലിയ ആഘോഷ പരിപാടികളോടെ താരത്തിന്റെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തു അദ്ദേഹത്തിൻറെ ആരാധകർ .രാവിലെ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലിന്റെ ടീസർ പുറത്ത് വിട്ടപ്പോൾ വൈകുന്നേരം സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പതാം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടായിരുന്നു ആഘോഷത്തിന് മാറ്റ് കൂട്ടിയത്. എക്കാലവും നന്മപ്രവർത്തികൾ ചെയ്യാറുള്ള സുരേഷ് ഗോപി തന്റെ ഈ പിറന്നാളിനും പതിവ് തെറ്റിച്ചില്ല.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് ടെലിവിഷൻ സുരേഷ് ഗോപി ഇന്നലെ എത്തിച്ചു നൽകി. ഊരിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സഹായമായിട്ടാണ് ടിവി എത്തിച്ചത്. 15 ടിവികളാണ് സുരേഷ്ഗോപി ഫാൻസ് അസോസിയേഷൻ ഭാരവാഹികള് വിതരണം ചെയ്തത്. ഭാരതീയ ജനതാ പാർട്ടി ജില്ലാ അധ്യക്ഷൻ ഇ.കൃഷ്ണദാസ് ആദ്യ ടെലിവിഷൻ കൈമാറുന്ന ചടങ്ങിൽ സുരേഷ് ഗോപി ഫാൻസ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ വിനോദ് അധ്യക്ഷത വഹിച്ചു.
ഇതിനിടെ ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ ‘സുരേഷ് ഗോപി 250’ന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യത ആണ് ലഭിച്ചത്. ടോമിച്ചൻ മുളകുപ്പാടം ആണ് നിർമിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് അർജുൻ റെഡ്ഢി, കബീർ സിംഗ്, ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയ ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതം ഒരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണ്. അജയ് ദേവ്ഗൺ ചിത്രം തൻഹാജിയിൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട് ഹർഷവർദ്ധൻ .നവാഗതനായ മാത്യൂസ് തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. ചിത്രത്തിൽ ജോജു ജോസഫ്, മുകേഷ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിലേക്ക് നായിക ബോളിവുഡിൽ നിന്നുമായിരിക്കും എന്നാണ് സൂചന. സുരേഷ് ഗോപിയുടെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിലൊന്നായ ലേലം പോലെയൊരു ചിത്രമായിരിക്കുമിതെന്നും അണിയറ പ്രവർത്തകരിൽ നിന്നും അറിയുന്നു. വമ്പൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ മാത്യൂസ് തോമസ് ജോണി ആന്റണി, രഞ്ജിത് ശങ്കർ, അമൽ നീരദ്, ഖാലിദ് റഹ്മാൻ എന്നിവരുടെ ഒപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. വരത്തൻ, ഉണ്ട, കെട്ട്യോളാണ് എന്റെ മാലാഖ, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി മാത്യൂസ് തോമസ് പ്രവർത്തിച്ചിട്ടുണ്ട്.