എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മഹാവീർ കർണ്ണ. ഹിന്ദിയിൽ ഒരുക്കുന്ന ചിത്രത്തിൽ ചിയാൻ വിക്രമാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ഹൈദരാബാദിൽ റാമോജി റാവു ഫിലിം സിറ്റിയില്‍ ആരംഭിച്ചിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആര് എസ് വിമല്‍ മൂന്ന് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച ഈ പ്രോജക്ട് പിന്നീട് വിക്രത്തെ നായകനാക്കി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി സംവിധായകന് പ്രഖ്യാപിക്കുകയായിരുന്നു. ചിയാന്‍ വിക്രമിന്റെ പിറന്നാള്‍ ദിനത്തില്‍ മഹാവീര്‍ കര്‍ണ്ണയുടെ മേക്കിങ് ടീസർ പുറത്തു വിട്ടു കൊണ്ട് സംവിധായകൻ വിമൽ ചിയാൻ വിക്രത്തിനെ പിറന്നാളാശംസകൾ അറിയിച്ചു.
അടുത്തിടെ ‘ധര്‍മ്മരാജ്യ’ എന്ന പുതിയ ചിത്രം സംവിധായകന് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് മഹാവീര്‍ കര്‍ണ ഉപേക്ഷിച്ചുവോ എന്ന സംശയം ആരാധകര്‍ ഉയര്‍ത്തിയത്. ‘കോബ്ര’, ‘പൊന്നിയിന്‍ സെല്വന്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിക്രം മഹാവീര്‍ കര്‍ണയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുമെന്നും സംവിധായകന് ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിക്രത്തിനൊപ്പം സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുമെന്നും സംവിധായകന് വ്യക്തമാക്കി.
ചിത്രം നിർമ്മിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ങ്ഡം ആണ്. ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്നീഷ്യന്മാരും പ്രവർത്തിക്കുന്ന 300 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 32 ഭാഷകളില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ അഭിനയജീവിതത്തിലെ ആരംഭഘട്ടത്തിൽ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ചിയാൻ വിക്രം. പിന്നീട് ഒരിടവേളക്ക് ശേഷം ആണ് താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സിനിമ പ്രേമികൾ ഏറെ ആവേശത്തോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മഹാഭാരത കഥയാണ് ചിത്രത്തിന്റെ പ്രമേയം.