താനടക്കമുള്ള പ്രവർത്തകരെ ‘ചാണകം’ എന്ന് അഭിസംബോധന ചെയ്യുന്നത് അഭിമാനമാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ചാണകം എന്ന് വിളിക്കുന്നതിൽ ഒരു പ്രശ്നവും ഇല്ലെന്നും ഒരിക്കലും ആ വിളി നിർത്തരുതെന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം.
അതോടൊപ്പം തന്നെ ചാണകം എന്ന് വിളിച്ച് കളിയാക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി. വ്ലോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ ജാമ്യത്തിലിറക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച ഒരുവനോട് ‘ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ’ എന്ന് പറയുന്ന താരത്തിന്റെ ശബ്ദ രേഖ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇതിനു പിന്നാലെ താരം ചാണകം പരാമർശത്തെ അംഗീകരിക്കുകയായിരുന്നു.