മലയാളികൾ ന്യൂസ് കാണുന്നതിനേക്കാൾ കൂടുതൽ ട്രോളുകൾ വായിക്കുന്ന കാലമാണിത്. അതിനാൽ തന്നെ പല മീമുകളും മലയാളിക്ക് സുപരിചിതമാണ്. ദാമു, രമണൻ തുടങ്ങിയ നിരവധി കഥാപാത്രങ്ങൾക്ക് വമ്പൻ ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിച്ചെടുക്കുവാൻ ട്രോളന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ആനുകാലിക പ്രശ്നങ്ങളെ വെളിച്ചത്ത് കൊണ്ട് വരുവാനും ട്രോളന്മാർ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ക്രിയാത്മകത ഏറ്റവുമധികം ആവശ്യം വരുന്ന ഇത്തരം മേഖലകളിൽ അതിനു ലഭിക്കുന്ന പ്രശംസയും ഏറെ വലുതാണ്. റോഡ് ടാർ ചെയ്യാൻ പോലും ട്രോളന്മാരിലെ എഡിറ്റിംഗ് സിംഹങ്ങളുടെ എഡിറ്റിംഗ് കലയിലൂടെ സാധിച്ചു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
രസകരമായ നിരവധി മീമുകൾ, പ്രത്യേകിച്ചും സിനിമ പോസ്റ്ററുകളിലെയും സ്റ്റില്ലുകളിലെയും, അതിലും രസകരമായി എഡിറ്റ് ചെയ്യുന്ന സിംഹങ്ങളുടെ കൈയ്യിൽ ഇപ്പോൾ അകപ്പെട്ടിരിക്കുന്നത് സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ കാവലിലെ ഒരു സ്റ്റിലാണ്. പോലീസ് ഓഫീസറുടെ ചങ്കത്ത് മുട്ടുകാൽ കയറ്റി നിൽക്കുന്ന സ്റ്റിൽ ഇതിനകം സോഷ്യൽ മീഡിയ നിറഞ്ഞു കഴിഞ്ഞു. സുരേഷ് ഗോപിയുടെ ആ പോസ് എഡിറ്റ് ചെയ്ത് രസകരമായ മറ്റു കലാവിരുതുകളാണ് മലയാളിക്ക് ഇപ്പോൾ കാണുവാൻ കഴിയുന്നത്. ബാഹുബലിയായും, ബോബി ചെമ്മണൂരിനൊപ്പം കരാട്ടെ കളിച്ചും മെസ്സിക്കൊപ്പം ഫുട്ബോൾ കളിച്ചുമെല്ലാം ആ മീം ട്രെൻഡ് ആവുകയാണ്.