സുരേഷ് ഗോപിയുടെ അത്യുജല്ല തിരിച്ചുവരവ് കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. നവാഗതനായ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം ആദ്യവസാനം ഒരു ഫാമിലി എന്റർടൈനർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രം കേരളത്തിൽ ഇന്ന് ആണ് റിലീസിനെത്തുന്നത് എങ്കിലും ജിസിസി രാജ്യങ്ങളിൽ ചിത്രം ഇന്നലെ തന്നെ റിലീസ് ചെയ്തിരുന്നു. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്.സുരേഷ് ഗോപിയും ശോഭനയും ഏറെ ക്കാലത്തിനുശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട് . ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഇത് തന്നെ.
ഒരിടവേളയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ അതിഗംഭീര പ്രകടനം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. കോമഡി രംഗങ്ങളിൽ സുരേഷ് ഗോപി കാണിച്ച മികച്ച പ്രകടനം താരത്തിന്റെ പഴയ പ്രതാപകാലചിത്രം വീണ്ടും ഉണർത്തുന്നു.
ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയ നീന ഒരു സിംഗിൾ മദറും ഫ്രഞ്ച് അധ്യാപികയും കൂടിയാണ്. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് ഇനിയും സർജിക്കൽ സ്ട്രൈക്കിന് ബാല്യം ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മേജർ ഉണ്ണികൃഷ്ണന്റെ വരവ്. പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാൽ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജർ. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.