എം പത്മകുമാർ സംവിധാനം ചെയ്ത് ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തി വൻ വിജയം നേടിയ ചിത്രമാണ് ജോസഫ്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ അവിടെയും സംവിധാനം ചെയ്യുന്നത് പത്മകുമാർ തന്നെയാണ്. നിർമാതാവും നടനുമായ ആർ.കെ. സുരേഷ് ആണ് തമിഴിൽ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിനുവേണ്ടി വൻ മേക്ക് ഓവർ ആണ് സുരേഷ് നടത്തുന്നത്. ചിത്രത്തിലെ രണ്ട് ഗെറ്റപ്പുകൾക്കായി താരം കൂട്ടിയത് 22 കിലോ ഭാരമാണ്. 73 കിലോയിൽ നിന്നും 95 കിലോയിൽ അദ്ദേഹം മാറി. സിനിമ നിർമ്മിക്കുന്നത് സംവിധായകൻ ബാല ആണ്.
2018ല്‍ റിലീസായ വാണിജ്യസിനിമകളുടെ നാട്ടുനടപ്പുകളെ മറികടന്നു മികച്ച വിജയമായി മാറിയ ചിത്രം 103 ദിവസമാണ് തിയറ്ററുകളില്‍ ഓടിയത്. സിനിമയിലെ പ്രകടനം ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡും ദേശീയതലത്തിൽ പ്രത്യേക പരാമർശവും നേടി കൊടുക്കുകയുണ്ടായി. ഷാഹി കബീര്‍ എഴുതിയ തിരക്കഥയും ജോജു ജോര്‍ജ് എന്ന നടന്റെ മികച്ച പ്രകടനവുമായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണമായത്.