കമല്ഹാസന് കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. രണ്ട് ദിവസംകൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. കമല്‍ ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ വെറും അഞ്ച് നിമിഷം മാത്രമാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ആ നിമിഷങ്ങള്‍ താരം ഏറ്റവും മികച്ച അനുഭവങ്ങള്‍ സമ്മാനിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് സൂര്യ വിക്രമില്‍ അഭിനയിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കമല്‍ ഹാസനുമായി ഒന്നിക്കാനുള്ള മോഹം കോണ്ടാണ് താരം ഈ കഥാപാത്രത്തെ സ്വീകരിച്ചതെന്നും ആരാധകര്‍ പറയുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു സൂര്യയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്. ‘പ്രിയപ്പെട്ട കമല്‍ അണ്ണ, അങ്ങയോടൊപ്പം സ്ക്രീന്‍ പങ്കിടാനയത് എനിക്ക് സ്വപ്ന സാക്ഷാത്കാരമാണ്. അതിന് അവസരം ഒരുക്കിയതിന് ലോകേഷ് കനകരാജിന് നന്ദി. എല്ലാവരുടേയും സ്നേഹത്തിന് നന്ദി.’ എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.
ജൂണ്‍ മൂന്നിനായിരുന്നു വിക്രം തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളിയാണ് വിക്രമിന്റെ തേരോട്ടം. ഞായറാഴ്ചത്തെ കണക്കുകൂടി പുറത്തുവന്നപ്പോള്‍ മൂന്ന് ദിവസംകൊണ്ട് ചിത്രം 150 കോടി കടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.