അങ്കമാലി ഡയറീസിന് ആന്റണി വര്‍ഗീസ് നായകനായി എത്തിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തകർപ്പൻ അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ അസ്സോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചന് സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. 120 തിയേറ്ററുകളിലായി റിലീസ് ചെയ്ത ചിത്രം 1.30 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടി. ഒറ്റ സിനിമയില്‍ മാത്രം അഭിനയിച്ചിട്ടുള്ള ഒരു നായക നടന്റെ രണ്ടാമത്തെ ചിത്രത്തിന് ഇത്ര മികച്ചൊരു ഫസ്റ്റ് ഡേ കളക്ഷന്‍ എന്നത് അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ്. മുഖ്യ ശ്രേണിയിൽ പെട്ട നടന്മാരുടെ പോലും ചിത്രങ്ങള്‍ കളക്ഷന്‍ നേടാന്‍ ബുദ്ധിമുട്ടുമ്പോഴാണ് പുതുമുഖ നായകന് ബോക്സ്ഓഫീസില്‍നിന്ന് കോടികള്‍ കൊയ്യുന്നത്.
ബി. ഉണ്ണികൃഷ്ണന്റെ ആര്‍ഡി ഇല്യുമിനേഷന്‍സ് തിയേറ്ററുകളില്‍ എത്തിച്ച ചിത്രത്തിന്റെ നിര്‍മ്മാതാവ് ബി.സി. ജോഷിയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസുമാണ് സഹനിര്‍മ്മാതാക്കള്‍.തിയേറ്ററുകളില്‍ എന്ന പോലെ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ദിലീപ് കുര്യനായിരുന്നു.