നിവിൻ പോളിയെ നായകനാക്കി സണ്ണി വെയ്ന്റെ നിർമാണത്തിൽ എത്തുന്ന പടവെട്ടിന് തുടക്കം കുറിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്ത് കാഞ്ഞിലേരി ഗ്രാമത്തിൽ നാട്ടുകാരുടെ മുന്നിൽ വെച്ച് തന്നെയാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നടന്നത്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് അരുവി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച അദിതി ബാലനാണ്.
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത് ‘എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ നേടിയിരുന്നു. കണ്ണൂർ ജില്ല കളക്ടർ ടി വി സുഭാഷ്, സണ്ണി വെയ്ൻ, നിവിൻ പോളി, ലിജു കൃഷ്ണ, അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ എന്നിവരും മറ്റു അണിയറ പ്രവർത്തകരും കാഞ്ഞിലേരി ഗവണ്മെന്റ് എൽ പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൂജയിൽ പങ്കെടുത്തു. ലിജു കൃഷ്ണ തന്നെ രചന നിർവഹിച്ചിരിക്കുന്ന പടവെട്ടിൽ ഗോവിന്ദ് വസന്ത, ദീപക് ഡി മേനോൻ, ഷെഫീഖ് മുഹമ്മദ് അലി, രംഗനാഥ് രവി, സുഭാഷ് കരുൺ, റോണക്സ് സേവിയർ, മഷർ ഹംസ എന്നിങ്ങനെ ഒരു ശക്തമായ കൂട്ടുകെട്ട് ക്യാമറക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നുണ്ട്. 2020ഇൽ ആണ് പടവെട്ട് റിലീസിനൊരുങ്ങുന്നത്.
ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൗ ആക്ഷൻ ഡ്രാമയുടെ വൻ വിജയത്തിനും ടൊറന്റോ, മാമി എന്നിങ്ങനെ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രേക്ഷകരും നിരൂപകരും ഒരേപോലെ പ്രശംസിച്ച ഗീതു മോഹൻദാസ് ചിത്രം മൂത്തോന്റെ വിജയത്തിനും ശേഷമാണ് നിവിൻ പോളി ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്. രാജീവ് രവി ഒരുക്കുന്ന തുറമുഖമാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു നിവിൻ പോളി ചിത്രം.