സീരിയൽ താരവും നർത്തകിയുമായ താരാ കല്യാണിന്റെ മകളുടെ വിവാഹ ആഘോഷ ചടങ്ങിനിടയിൽ പകർത്തിയ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ ഇപ്പോൾ പ്രചരിക്കുകയാണ്. ഇതിനെതിരെ മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നൽകണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താരം വീഡിയോയിലൂടെ പറയുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ തന്റെ ഒരു ചിത്രം വൈറലാകുന്നു എന്നും തന്റെ മകളുടെ വിവാഹം ഒറ്റയ്ക്ക് നടത്തുവാൻ ധൈര്യം ഇല്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച് എന്നും താരം പറയുന്നു.
ഒരു വീഡിയോയിലെ ചിത്രം കട്ട് ചെയ്തെടുത്ത വ്യക്തിയോട് താരത്തിനു ചോദിക്കുവാൻ ഒന്നേയുള്ളൂ. “നിന്റെയൊക്കെ മനസ്സ് കല്ലാണോ ?നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ” എന്നാണ് താരം പറയുന്നത്. ഇത് പോസ്റ്റ് ചെയ്ത ആളിനോട്, പ്രചരിപ്പിച്ചവരോട്, കമന്റ് ചെയ്ത് ആഘോഷിച്ചവരോട് അവരെ വെറുക്കുന്നു എന്നും ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ പരിഗണിക്കണമായിരുന്നു എന്നും ഒരു അമ്മയാണ് താൻ എന്നും താര പറയുന്നു.