നല്ല സിനിമയാണെങ്കിൽ മലയാളി പ്രേക്ഷകർ ആ ചിത്രത്തെ നല്ല മനസ്സോടെ സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് തെളിയിച്ചിരിക്കുന്ന ചിത്രമായി തീർന്നിരിക്കുകയാണ് തണ്ണീർമത്തൻ ദിനങ്ങൾ. വമ്പൻ താരനിരയോ ഫാൻസ് അസ്സോസിയേഷനുകളോ വേണ്ട, മറിച്ച് സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ മതി ഒരു ചിത്രത്തെ വമ്പൻ വിജയമാക്കാൻ എന്ന് തെളിയിച്ച് 2 കോടി മുതൽമുടക്കിൽ 45 കോടി ലോകമെമ്പാടും നിന്നും നേടിയെടുത്ത് ഈ അടുത്ത കാലത്ത് മലയാളത്തിലെ പണം വാരി ചിത്രങ്ങളുടെ മുൻനിരയിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ കൊച്ചു ചിത്രം. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.
നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. കുമ്പളങ്ങി നൈറ്റ്സ് ഫെയിം മാത്യു തോമസ്, ഉദാഹരണം സുജാത ഫെയിം അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം നിറഞ്ഞ സദസ്സിൽ പ്രർശനം തുടരുകയാണ്. ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിച്ചത്.