ഉത്സവക്കാഴ്ചകൾക്കിടയിലെ സംഘട്ടനരംഗങ്ങൾ ഏറെ കണ്ടിട്ടുള്ള മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കായംകുളം കൊച്ചുണ്ണിയിലെ മികച്ച രംഗങ്ങളിൽ ഒന്നായ കൊച്ചുണ്ണി – കേശവൻ സംഘട്ടനം. ഒരു മനുഷ്യ പിരമിഡിന് ഉള്ളിൽ ഒരുക്കിയ ആ സംഘട്ടനത്തിന് പിന്നിലെ പ്രയത്നങ്ങളും അതുപോലെ തന്നെ ആവേശം നിറക്കുന്നതാണ്. സാധാരണ ഉത്സവമേളങ്ങൾക്ക് ഇടയിലുള്ള ഒരു ഫൈറ്റിൽ നിന്നും എന്ത് വ്യത്യസ്ഥത കൊണ്ടുവരാമെന്ന ആലോചനയിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ചിന്തയിൽ തെളിഞ്ഞു വന്നൊരു ആശയമാണ് പിരമിഡ് ഫൈറ്റ്. ആ ഒരു ആശയം തിരക്കഥാകൃത്തുക്കളായ സഞ്ജയ് – ബോബിയോട് സംസാരിക്കുകയും ചെയ്തു. പിന്നീട് അതിന്റെ ഒരു പ്രീവിസ് [PREVIZ] തയ്യാറാക്കുകയാണ് ചെയ്തത്. ബോംബെയിലുള്ള ഒരു കമ്പനിയാണ് ആനിമേറ്റഡ് രീതിയിൽ മൂവ്മെന്റ് ഉള്ള പ്രീവിസ് ഒരുക്കിയത്.
![The Amazing Story Behind the Pyramid Fight in Kayamkulam Kochunni](https://i0.wp.com/cinemadaddy.com/wp-content/uploads/2018/10/The-Amazing-Story-Behind-the-Pyramid-Fight-in-Kayamkulam-Kochunni-3.jpg?resize=788%2C526&ssl=1)
ആ സംഘട്ടനരംഗം ചിത്രീകരിക്കുവാൻ പ്രീവിസ് നൽകിയ സഹായം ചെറുതല്ല. ഓരോ ഷോട്ടും എവിടെ നിന്നും എങ്ങനെ എടുക്കാം എന്നുള്ള ഒരു വ്യക്തമായ ധാരണ സൃഷ്ടിച്ചെടുക്കാൻ അതിനാൽ കഴിഞ്ഞു. അതിനായി വൃത്താകൃതിയിൽ സ്റ്റീൽ കൊണ്ടൊരു സ്ട്രെക്ച്ചർ സൃഷ്ടിച്ച് അതിൽ ആളുകളെ നിർത്തി കെട്ടിവെക്കുകയാണ് ചെയ്തത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം ഫൈറ്റിന് തയ്യാറെടുക്കുവാൻ വണ്ടി വന്നു. മുംബൈയിൽ നിന്നും 170ഓളം ഗണപതി ബപ്പാ മോറിയ കലാകാരന്മാരെയാണ് ഈ ഫൈറ്റിന് വേണ്ടി കൊണ്ടു വന്നത്. വെയിൽ ശക്തി പ്രാപിക്കുന്നത് അനുസരിച്ച് സ്റ്റീൽ ചൂടാവുകയും അതിൽ ചേർന്ന് നിൽക്കുന്നത് കഠിനമാവുകയും ചെയ്യുന്നത് കൊണ്ട് രാവിലെ 7 മണി മുതൽ 11.30 വരെയാണ് ഷൂട്ടിങ്ങ് നടന്നത്. CGIയുടെ സമയത്ത് ആ സ്റ്റീലും വസ്ത്രങ്ങളും ഒഴിവാക്കുകയും ചെയ്തു.
![The Amazing Story Behind the Pyramid Fight in Kayamkulam Kochunni](https://i0.wp.com/cinemadaddy.com/wp-content/uploads/2018/10/The-Amazing-Story-Behind-the-Pyramid-Fight-in-Kayamkulam-Kochunni-1.jpg?resize=720%2C457&ssl=1)
നാല് ദിവസത്തെ ട്രെയിനിങ്ങാണ് നിവിൻ പോളിക്കും സണ്ണി വെയ്നും ആ രംഗം ഒരുക്കുവാൻ വേണ്ടി നൽകിയത്. ഐക്കിഡോ, തായ്ചി, കളരിപ്പയറ്റ് എന്നിങ്ങനെ പലതും ഒത്തുചേർന്ന ഒരു ‘മിക്സഡ് മാർഷ്യൽ ആർട്ടാ’ണ് ആ ഫൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ കണ്ടിട്ടുള്ള ഉത്സവരംഗങ്ങളിലെ സംഘട്ടനങ്ങളിൽ അവിടെ ഉള്ള പ്രോപ്പർട്ടീസും – മൺകലം, ചെറിയ പെട്ടിക്കടകൾ, ലൈറ്റ് എന്നിങ്ങനെ- പലതും ഉപയോഗിക്കാറുണ്ട്. കായംകുളം കൊച്ചുണ്ണിയിലെ ഈ ഒരു ഫൈറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഏക പ്രോപ്പർട്ടി ചരലാണ്. അതിൽ ചവിട്ടുമ്പോഴും വീഴുമ്പോഴുമെല്ലാമുള്ള ശബ്ദവ്യതിയാനങ്ങൾ കൃത്യമായി ചിത്രത്തിൽ ഫൈറ്റിൽ ഉപയോഗിച്ചിട്ടുണ്ട്. മൂന്ന് മാസത്തോളമാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെല്ലാം തയ്യാറാക്കിയെടുക്കുവാൻ സമയമെടുത്തത്. ഈ പിരമിഡ് ഫൈറ്റിന് മാത്രമായി ഏകദേശം ഒരു കോടി രൂപക്കടുത്ത് ചിലവ് വന്നിട്ടുണ്ട്. മുംബൈയിൽ നിന്നും വന്ന ഗണപതി ബാപ്പയ് മോറിയ കലാകാരന്മാർക്ക് മാത്രം ദിവസം 15 – 20 ലക്ഷം രൂപ ചിലവ് വന്നു. രണ്ടു ദിവസമാണ് അവരുടെ സേവനം ചിത്രത്തിനായി വിനിയോഗിച്ചത്. വിജയകരമായി കുതിക്കുന്ന കായംകുളം കൊച്ചുണ്ണിയിലെ ഏറ്റവും മനോഹരമായ രംഗങ്ങളിൽ ഒന്നാണ് ഈ പിരമിഡ് ഫൈറ്റ് എന്ന് ഓരോ പ്രേക്ഷകനും സമ്മതിച്ചു തരുന്നു. മലയാളസിനിമയിൽ ഇത്തരത്തിൽ ഉള്ള വേറിട്ട പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകുവാൻ ഈ പിരമിഡ് ഫൈറ്റ് കാരണമാകും എന്നുറപ്പ്.
![The Amazing Story Behind the Pyramid Fight in Kayamkulam Kochunni](https://i0.wp.com/cinemadaddy.com/wp-content/uploads/2018/10/The-Amazing-Story-Behind-the-Pyramid-Fight-in-Kayamkulam-Kochunni-2.jpg?resize=720%2C468&ssl=1)