‘മരക്കാർ – അറബിക്കടിന്റെ സിംഹം’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമയ്ക്ക് ഇത്രയും വലിയ ദൃശ്യവിസ്മയം സാധ്യമാണോ എന്നാണ് സിനിമ കണ്ട സാധാരണ പ്രേക്ഷകർ പരസ്പരം ചോദിക്കുന്നത്. കാരണം കടലിലെ കൊടുങ്കാറ്റും യുദ്ധവും സിനിമ കണ്ട ഓരോ പ്രേക്ഷകനെയും വിസ്മയിപ്പിച്ചു. മരക്കാർ സിനിമയിൽ കാണുന്ന കടൽ കടലല്ലെന്നും അത് ഒന്നര ഏക്കറോളം വിസ്തൃതിയിലുള്ള ടാങ്കാണെന്നും സിനിമ റിലീസ് ആകുന്നതിനു മുന്നേ തന്നെ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച കംപ്യൂട്ടർ ഗ്രാഫിക്സുകളിൽ ഒന്നു കൂടിയാണ് മരക്കാറിന്റേത്. സംവിധായകൻ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ ആണ് അത് സൃഷ്ടിച്ചെടുത്തത്. സാബു സിറിൾ ആയിരുന്നു കലാസംവിധായകൻ. കടൽ ഷൂട്ട് ചെയ്യുന്ന സമയത്ത് വാട്ടർടാങ്കിലെ ഓരോ ഷോട്ടിനു പിന്നിൽ ബ്ലൂ സ്ക്രീനുകൾ വയ്ക്കണം. പിന്നീട് അതിലാണ് കംപ്യൂട്ടർ ഗ്രാഫിക്സ് ചെയ്ത് കടലാക്കി മാറ്റിയത്. കപ്പലിനു തന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ നിന്നും 40 അടി ഉയരത്തിൽ സ്ക്രീൻ നിന്നാലേ ഗ്രാഫിക്സ് ചെയ്യാൻ കഴിയൂ. ഇതിനു വേണ്ടി ടാങ്കിനു ചുറ്റും റോഡ് ഉണ്ടാക്കി വലിയ ട്രക്കുകളിൽ സാബു സിറിൾ സ്ക്രീൻ വെച്ചു. ഇങ്ങനെ ചെയ്തപ്പോൾ സമയവും നിരവധി പേരുടെ അദ്ധ്വാനവും ആണ് ലാഭമായത്.
മരക്കാർ സിനിമയിലെ പുരുഷ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്നവർ ആയിരുന്നു. എന്നാൽ, അവരെല്ലാം പല കാലഘട്ടങ്ങളിൽ ആയിരുന്നു ജീവിച്ചിരുന്നത്. മങ്ങാട്ടച്ചൻ പൂന്താനം ജീവിച്ചിരുന്ന കാലത്താണ് ജീവിച്ചിരുന്നതെന്ന് പറയുന്നു. എന്നാൽ, ആ സമയത്തെ സാമൂതിരി ആരാണെന്ന് പറയാൻ രേഖയില്ല. അതേസമയം, ഇതിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം രചയിതാവിന്റെയും സംവിധായകന്റെയും സൃഷ്ടിയാണ്. അവരെക്കുറിച്ച് ചരിത്രരേഖയൊന്നുമില്ല. രാജാക്കന്മാരുടെയോ പടനായകന്മാരുടെയോ ചരിത്രം ആരും എഴുതി വെച്ചിട്ടില്ലെന്നും പ്രിയദർശൻ പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ചിത്രത്തിലെ കമ്മലിൽ മുതൽ കപ്പലിൽ വരെ സാബുവിന്റെ മുദ്രയുണ്ട്. ആയുധങ്ങളെയും കപ്പലുകളെയും കുറിച്ചും കാലഘട്ടത്തെക്കുറിച്ചും പഠിച്ചതിനു ശേഷമാണ് സാബു കലാസംവിധാനം ഒരുക്കിയത്. സാമൂതിരിയും പോർച്ചുഗീസുകാരും വെവ്വേറെ പീരങ്കികളാണ് ഉപയോഗിക്കുന്നത്. ഇതിന് പീരങ്കിയുടെ ഒരു കുഴലിന്റെ ഭാഗത്ത് സാമൂതിരിയുടെയും മറുഭാഗത്ത് പോർച്ചുഗീസുകാരുടെയും അടയാളം കൊത്തിവെച്ചു. കുഴൽ മറിച്ചുവെച്ചാൽ രാജ്യം മാറി. മലയാളസിനിമയ്ക്ക് ഇത്രയേ പറ്റൂ എന്നായിരുന്നു സാബു സിറിൽ ഇതിനെക്കുറിച്ച് പറഞ്ഞത്. ബാഹുബലി പോലെയുള്ള ചിത്രം 200 കോടി രൂപ കലാസംവിധാനത്തിന് ചെലവഴിച്ചപ്പോൾ 16 കോടി രൂപയാണ് മരക്കാറിന്റെ കലാസംവിധാനത്തിന് വേണ്ടി ചെലവഴിച്ചത്.
മരക്കാർ സിനിമയ്ക്കു വേണ്ടിയുള്ള സാധനങ്ങൾ നിർമിക്കുന്നതിനു വേണ്ടി മാത്രം പ്രത്യേക ഫാക്ടറി ഉണ്ടാക്കി. ഒരു വർഷത്തോളമാണ് ആളുകൾ അവിടെ പണിയെടുത്തത്. പീരങ്കികളും ഷൂസുകളും വാളുകളും തോക്കുകളും പടച്ചട്ടകളും കിരീടങ്ങളും ഉണ്ടാക്കി. അതേസമയം, ആദ്യകാലത്ത് മലയാളി യുദ്ധം ചെയ്തത് തെങ്ങിൻ മടല് ചീകി കാലിലും കയ്യിലും കെട്ടിയും പനയോലയിൽ ശർക്കര ഉരുക്കിയൊഴിച്ച് പടച്ചട്ട ഉണ്ടാക്കിയുമാണ്. എന്നാൽ, അത് സിനിമയിൽ കാണിക്കാൻ കഴിയില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി. രവിവർമ ചിത്രങ്ങളിലെ സ്ത്രീകളുടെ വസ്ത്രവും ആഭരണവുമാണ് സ്ത്രീകഥാപാത്രങ്ങൾക്ക് അടിസ്ഥാനമാക്കിയത്.