പാലക്കാട് മലമ്പുഴയിലെ കുമ്പാച്ചിമലയിൽ പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാൻ ചെലവ് വന്നത് 75 ലക്ഷത്തോളം രൂപ. ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട പ്രാഥമിക കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബില്ലുകൾ ഇനിയും ലഭിക്കാനുണ്ട്. അതുകൊണ്ടു തന്നെ ചെലവ് ഇനിയും കൂടുമെന്നാണ് പാലക്കാട് ജില്ല ഭരണകൂടം പറയുന്നത്.
കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേന ഹെലികോപ്റ്റർ, കരസേന, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് 50 ലക്ഷം രൂപയാണ് ചെലവായത്. സുഹൃത്തുക്കൾക്കൊപ്പം കുമ്പാച്ചി മല കയറാൻ തിങ്കളാഴ്ചയാണ് ബാബു എത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മടുത്ത് മലകയറ്റം നിർത്തിയെങ്കിലും ബാബു മല കയറുകയായിരുന്നു. എന്നാൽ, തിരിച്ചിറങ്ങുന്ന സമയത്ത് പാറയിടുക്കിൽ കുടുങ്ങിപ്പോകുകയായിരുന്നു. താൻ കുടുങ്ങിയ വിവരം ബാബു തന്നെ വീട്ടുകാരെയും അധികൃതരെയും വിളിച്ച് അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ബുധനാഴ്ചയാണ് അവസാനിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബു ഡിസ്ചാർജായി വെള്ളിയാഴ്ചയാണ് വീട്ടിൽ എത്തിയത്.
കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റിന് മണിക്കൂറിന് രണ്ടു ലക്ഷം രൂപയാണ് ചെലവായത്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് പ്രാദേശിക സംവിധാനമാണ് ഉപയോഗിച്ചത്. ഏറ്റവും അവസാനമാണ് രക്ഷാപ്രവർത്തനത്തിനായി കരസേന എത്തിയത്. പതിനഞ്ചു ലക്ഷത്തിലധികം രൂപയാണ് കരസേനയുടെ ദൗത്യസംഘത്തിന് ചെലവായത്. എന്‍ ഡി ആര് എഫ്, ലോക്കല്‍ ഗതാഗത സംവിധാനങ്ങള്‍ തുടങ്ങി മറ്റ് അനുബന്ധ ചെലവ് ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലേറെ ചെലവായിട്ടുണ്ടെന്നാണ് കണക്ക്.