നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന സിനിമയാണ് വെള്ളേപ്പം. തൃശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. നടി റോമ ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് എത്തുന്ന എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സിനിമയിടെ ‘മുകിൽ ചട്ടിയിൽ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞദിവസം ആയിരുന്നു യുട്യൂബിൽ റിലീസ് ചെയ്തത്. തൃശൂരുകാരുടെ പ്രാതലിൽ പ്രധാനപ്പെട്ട ഒരു വിഭവമാണ് വെള്ളേപ്പം. വേള്ളേപ്പത്തിന്റെയും വേള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ഇത്.
മനു മഞ്ജിത്തിന്റെ വരികൾക്ക് ലീല എൽ ഗിരിഷ്കുട്ടൻ ആണ് സംഗീതം പകർന്നിരിക്കുന്നത്. ജോബ് കുര്യൻ, സുധി നെട്ടൂർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൈന മ്യൂസിക് ആണ് ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഷൈന് ടോം ചാക്കോ, കൈലാഷ്, സാജിദ് യഹിയ, വൈശാഖ് രാജന്, ശ്രീജിത്ത് രവി, അലീന, ക്ഷമ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. എഡിറ്റിംഗ് – രഞ്ജിത്ത് ടച്ച്റിവർ, ക്യാമറ – ശിഹാബ് ഓങ്ങല്ലൂർ എന്നിവരാണ്.
എന്നാൽ, ഇപ്പോൾ ചർച്ചയാകുന്നത് വെള്ളേപ്പം സിനിമയിലെ പാട്ടല്ല. വീഡിയോ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന ഒരു കമന്റാണ്. വളരെ അശ്ലീലമായ ഒരു കമന്റിനെ പക്വതയോടെ, മാന്യമായി നേരിട്ട സംവിധായകൻ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. വെള്ളേപ്പം എന്ന പേരുകൊണ്ട് സംവിധായകൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വളരെ അശ്ലീലം കലർന്ന ഭാഷയിൽ ആയിരുന്നു ചോദ്യം. ‘പൊന്നുഭായ്, നിങ്ങൾ എന്ത് കണ്ടാലും അശ്ലീലം വിചാരിക്കുന്നത് എന്തിനാണ്. തൃശൂർ ഉള്ള ഏതെങ്കിലും കൊച്ചു പിള്ളേരോട് ചോദിക്ക് എന്താണ് വെള്ളേപ്പങ്ങാടി വെള്ളേപ്പം പുത്തൻ പള്ളി എന്നൊക്കെ അവർ പറഞ്ഞു തരും. പിന്നെ ഇതൊക്കെ പറയാൻ ഞാൻ ആരാണെന്നോ ഞാനാണ് ഇതിന്റെ സംവിധായകൻ. അപ്പോ ഒക്കെ ബേയ്. നല്ല കണ്ണു കൊണ്ടു കാണുക’- മനസിലെ അശ്ലീലം കൊണ്ട് കമന്റുമായി വന്നയാൾക്ക് ഇങ്ങനെ ചുട്ട മറുപടിയാണ് സംവിധായകൻ നൽകിയത്.