കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്ന് ഇ-ബുൾ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും. ഇ – ബുൾജെറ്റ് സഹോദരങ്ങളിൽ ഒരാളായ ലിബിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം. താൽപര്യമുള്ളവർക്ക് തങ്ങളെ ബന്ധപ്പെടാമെന്നും വ്ലോഗർമാരായ സഹോദരങ്ങൾ വ്യക്തമാക്കി. ബന്ധപ്പെടാനുള്ള ഇ – മെയിൽ ഐഡിയും നൽകിയിട്ടുണ്ട്.
‘ഞങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒരു ആഗ്രഹം ഉണ്ടേ. താൽപര്യമുള്ളവർ താഴെ പറയുന്ന ഇ-മെയിൽ ഐഡിയിൽ ബന്ധപ്പെടുത. [email protected]’ – ഇതാണ് ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിരിക്കുന്ന കുറിപ്പ്. ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്നതിന്റെ പേരിൽ ഇവരുടെ വാഹനം മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കിയിരുന്നു. ഇ – ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റ് ഇട്ടവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനങ്ങൾ സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
View this post on Instagram
കണ്ണൂർ ആർ ടി ഓഫീസിൽ എത്തി ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് വ്ലോഗർ സഹോദരൻമാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപ മാറ്റത്തിന്റെ പിഴയായി 6400 രൂപയും നിമയവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് പിഴയായി 42,000 രൂപയോളം പിഴയും നൽകണമെന്ന് ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന ഇവർ ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഇവർക്ക് എതിരെ കേസെടുക്കുകയായിരുന്നു.