അപ്രതീക്ഷിതമായാണ് പ്രശസ്ത കന്നഡ ചലച്ചിത്രതാരം അന്തരിച്ചത്. ആരാധകരിൽ തങ്ങളുടെ പ്രിയപ്പെട്ട നടന്റെ വേർപാട് നൽകിയ ആഘാതത്തിൽ നിന്ന് മുക്തരായിട്ടില്ല. എന്നാൽ, മരണം നിത്യതയിലേക്ക് വിളിച്ചിറക്കി കൊണ്ടുപോയെങ്കിലും പുനീതിന്റെ കണ്ണുകൾ ഇനിയും സിനിമകൾ കാണും, കാഴ്ചകൾ കാണും. പുനീത് രാജ്കുമാറിന്റെ രണ്ട് കണ്ണുകളും നാല് യുവാക്കൾക്കാണ് കാഴ്ച നൽകി. നാരായണ നേത്രാലയത്തിൽ വെച്ചായിരുന്നു ട്രാൻസ്പ്ലാന്റ് നടത്തിയത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ട്രാൻസ്പ്ലാന്റ് നടത്തിയതെന്ന് നാരായണ നേത്രാലയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ഭുജംഗ് ഷെട്ടി പറഞ്ഞു.
പുനീത് രാജ്കുമാറിന്റെ കുടുംബം അവരുടെ ദുഃഖത്തിലും പുനീതിന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിന് പിന്തുണ നൽകിയെന്ന് ഭുജംഗ് ഷെട്ടി പറഞ്ഞു. വെള്ളിയാഴ്ച തന്നെ കണ്ണുകൾ ശേഖരിച്ചിരുന്നു. അടുത്ത ദിവസം തന്നെ ട്രാൻസ്പ്ലാന്റ് ചെയ്തു. സാധാരണ ദാനം ചെയ്ത കണ്ണുകൾ രണ്ട് പേർക്കാണ് നൽകാറ് എന്നാൽ പുനീതിന്റെ കാര്യത്തിൽ നാല് യുവാക്കൾക്ക് കാഴ്ച നൽകാൻ കഴിഞ്ഞെന്നും ഭുജംഗ് ഷെട്ടി വ്യക്തമാക്കി. ഡോക്ടർ രോഹിത് ഷെട്ടിയുടെ നേതൃത്വത്തിൽ കോർണിയൽ ട്രീറ്റ്മെന്റ് ടീമിന്റെ പിന്തുണയോടെ ഡോക്ടർ യതീഷ് ശിവണ്ണ, ഡോ ഷാരോൺ ഡിസൂസ, ഹർഷ നാഗരാജ് എന്നിവരാണ് ശസ്ത്രക്രിയകൾ നടത്തിയത്.
കോർണിയയുടെ മുകളിലേതും ആഴത്തിലുള്ളതുമായ പാളികൾ വേർതിരിച്ച് രണ്ട് രോഗികളെ വീതം ചികിത്സിക്കാൻ ഓരോ കണ്ണും ഉപയോഗിക്കുകയായിരുന്നു. പുറത്തെ കോർണിയ ഭാഗത്ത് രോഗമുള്ള രണ്ട് രോഗികൾക്ക് മുകളിലെ പാളി മാറ്റിവച്ചു, എൻഡോതെലിയൽ അല്ലെങ്കിൽ ഡീപ് കോർണിയൽ ലെയർ രോഗമുള്ള രോഗികൾക്ക് ആഴത്തിലുള്ള പാളി മാത്രം മാറ്റിവച്ചു. അങ്ങനെ നാല് രോഗികൾക്ക് കാഴ്ച നൽകി. ഇതുകൂടാതെ, ട്രാൻസ്പ്ലാൻറ് ചെയ്യാൻ ഉപയോഗിക്കാത്ത ലിംബൽ റിം (കണ്ണിന്റെ വെളുത്ത ഭാഗം) ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ഛൻ രാജ്കുമാർ തുടങ്ങിവച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ പുനീത് ഏറ്റെടുത്തു നടത്തുകയായിരുന്നു. 45 ഫ്രീ സ്കൂളുകൾ, 26 അനാഥാലയങ്ങൾ, 19 ഗോശാലകൾ, 19 വൃദ്ധസദനങ്ങൾ എന്നിവയെല്ലാം പുനീത് നോക്കി നടത്തിയിരുന്നു. നിർധനരായ 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവും പുനീത് വഹിച്ചിരുന്നു. പുനീതിന്റെ മരണത്തെ തുടർന്ന് പുനീത് സഹായിച്ചിരുന്ന 1800 വിദ്യാർത്ഥികളുടെയും പഠനച്ചെലവ് പ്രശസ്ത തമിഴ് താരം വിശാൽ ഏറ്റെടുത്തു.