അശുദ്ധമായ ചിന്താഗതികളെ മനസ്സിൽ സൂക്ഷിച്ച് ശുദ്ധിയുടെ രാഷ്ട്രീയം സംസാരിക്കുന്ന ഒരു സമൂഹത്തിൽ “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” എന്ന ചിത്രത്തിന്റെ സ്ഥാനം വളരെ ഉയരങ്ങളിലാണ്. നായികക്കും, നായകനും പേരു നൽകിയിട്ടില്ലാത്ത, നിമിഷ സജയനും, സുരാജ് വെഞ്ഞാറമൂടും ഭാര്യ ഭർത്താക്കന്മാരായി എത്തുന്ന സിനിമയാണിത്. ജിയോ ബേബിയാണ് സംവിധാനം. വിവാഹം കഴിച്ചു ഭർത്താവിന്റെ വീട്ടിലെത്തുന്ന നായികയുടെ ജീവിതം പുറത്തു നിന്നു കാണുന്നവർക്ക് ഒരു കുഴപ്പവും തോന്നില്ല, സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം കൊടുക്കുന്ന മോഡേൺ ഫാമിലി ആണ് അവരുടേത് എന്നു പോലും തോന്നി പോകും. എന്നാൽ ഭർത്താവിനും, ഭർത്താവിന്റെ അച്ഛനും വേണ്ടി അവൾ അടുക്കളയിൽ ഓടി നടക്കുകയാണ്. അവരുടെ വ്യക്തമായ ഇഷ്ടാനിഷ്ടങ്ങൾ വിറക് അടുപ്പിൽ വെക്കുന്ന ചോറായും, ചൂടു ദോശയായും, ആർത്തവ സമയങ്ങളിലെ കൂട്ടി തൊടാതിരിക്കലുമായി അവളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. സ്ക്രീനിൽ ഭക്ഷണത്തിന്റെ മനോഹരമായ ഇമേജ് വരുമ്പോളും കാഴ്ചക്കാർ പാചകം ചെയ്യുന്നവളുടെ അധ്വാനത്തിലും, അഴുക്കു പുരണ്ട് വിയർപ്പിൽ കുളിച്ച അവളുടെ വസ്ത്രത്തിലും, കഴുകാനായി കൂട്ടിയിട്ട പാത്രങ്ങളിലും, ലീക്ക് ചെയ്തു കൊണ്ടിരിക്കുന്ന സിങ്കിലും അസ്വസ്ഥമാകുന്നുണ്ട്.
പുറമെ നിന്ന് നോക്കുന്നവർക്ക് അവരുടെ വീടിന്റെ വിശാലമായ മുറ്റവും, നിറയെ ചെടികളും, സാത്വിക സ്വഭാവത്തിലുള്ള കുടുംബാംഗങ്ങളെയുമെ കാണാൻ സാധിക്കൂ. മാത്രമല്ല സമൂഹവും, എന്തിന് സ്വന്തം വീട്ടുകാരും അവളോട് ചോദിക്കുകയും ചെയ്യും ‘എന്തിന്റെ കുറവായിരുന്നു നിനക്കവിടെ’. ഈ ചോദ്യത്തിന്റെ ഉത്തരം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ ‘നിമിഷ സജയൻ കണ്ടുപിടിക്കുന്നുണ്ട്. ‘എന്തായിരുന്നു ആ വീട്ടിൽ എനിക്കുണ്ടായിരുന്നത്’ എന്നൊരു മറുചോദ്യമാണത്. ചിത്രം മികച്ച അഭിപ്രായം നേടുന്നതിനൊപ്പം കുലപുരുഷന്മാരെയും കുലസ്ത്രീകളേയും അടച്ചാക്ഷേപിച്ച ചിത്രം ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ ചില ട്രോളുകൾ കാണാം.