ഫ്രാങ്കി ചോദിച്ചത് തന്നെയാണ് പ്രേക്ഷകരും നെപ്പോളിയന്റെ മക്കളുടെ വീട് കണ്ടപ്പോൾ ചോദിച്ചത്. ഈ പഞ്ചായത്തിലെ ഏറ്റവും മോശം വീടല്ലേ അത്? പണി പൂർത്തിയാക്കാത്ത നാലു സഹോദരന്മാരുടെ ആ വീടും സെറ്റിട്ടാത്തതാണ്. ഓർക്കുന്നില്ലേ തൊണ്ടിമുതലും ദൃക്സാക്ഷിയിലെയും സെറ്റിട്ട പോലീസ് സ്റ്റേഷൻ? അത് പോലെ തന്നെ മറ്റൊരു അത്ഭുതമാണ് ഇതും. ജോതിഷ് ശങ്കർ എന്ന പ്രൊഡക്ഷൻ ഡിസൈനറുടെയും സംഘത്തിന്റെയും അദ്ധ്വാനമാണ് ആ വീടിന് പറയാനുള്ള കഥ.
“പലതും മാറ്റിയും മറിച്ചുമെല്ലാം ചിന്തിച്ച് അവസാനം പള്ളിത്തോടിലാണ് ഞങ്ങൾ ആ വീട് പണിതത്. ആ പരിസരത്തുള്ള പല വീടുകളുടെയും ഉൾവശത്തിന്റെ ഫോട്ടോകൾ ഞങ്ങൾ എടുക്കുകയും അത് ഇവിടെ പുനഃസൃഷ്ടിക്കുകയും ചെയ്തു. പല വീടുകളിൽ നിന്നും ഉപയോഗിച്ച് പഴകിയ ടെലിവിഷൻ, ഫർണിച്ചർ, ബെഡ്ഷീറ്റ്, ടവൽ, മാറ്റ്, കൊതുകു വല എന്നിങ്ങനെ പലതും ഞങ്ങൾ വാങ്ങുകയും പുതിയത് അവർക്ക് നൽകുകയും ചെയ്തു.”
“മുകളിൽ പറഞ്ഞതല്ലാത്ത സാധനങ്ങൾ എല്ലാം തന്നെ ഞങ്ങൾ കുമ്പളങ്ങിയിൽ നിന്ന് തന്നെ വാങ്ങി. ചില സ്ഥലങ്ങളിൽ കൂടുതൽ ലൈറ്റ് വേണമായിരുന്നു. അവിടെയുള്ള റെസ്റ്റോറന്റുകൾ, സ്ട്രീറ്റ് ഗ്രാഫിറ്റി, ഫുട്ബോൾ പരസ്യങ്ങൾ അങ്ങനെ എല്ലാത്തിന്റെയും ഫോട്ടോസ് ഞങ്ങൾ എടുക്കുകയും അവയെല്ലാം തന്നെ ഞങ്ങൾ ഷൂട്ട് ചെയ്യുന്നിടത്ത് പുനഃസൃഷ്ടിക്കുകയും ചെയ്തു. അമേരിക്കയുടെയും മെക്സിക്കോയുടെയും പതാകകൾ കൊണ്ട് പഴയൊരു ഡാൻസ് സ്കൂളിന് പുത്തൻ മേക്കോവർ കൊടുക്കുകയും ചെയ്തു.”
“ഞങ്ങൾ പുനഃസൃഷ്ടിച്ചതിലെല്ലാം തന്നെ കുമ്പളങ്ങിയുടെ ആത്മാവ് ഉണ്ടായിരുന്നു. ആ സ്ഥലത്ത് ഇല്ലാതിരുന്നത് ഒന്നും തന്നെ നിർമ്മിച്ചിട്ടില്ല. ഇതിന്റെയെല്ലാം ക്രെഡിറ്റ് സംവിധായകൻ മധു സി നാരായണനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനുമാണ്. അവരാണ് എന്താണ് വേണ്ടത് എന്ന് കൃത്യമായി പറഞ്ഞ് തന്നത്.”
ഷൂട്ട് നടക്കുന്നതിന്റെ ചുറ്റുപാടുമുള്ള പായൽ ഒക്കെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെ പത്ത് പതിനഞ്ച് ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. കൂടാതെ ഫഹദിന്റെ കഥാപാത്രം ഷമ്മിയുടെ വീട് ഒറിജിനൽ തന്നെയാണ്.