ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീ പിടിച്ചുണ്ടായ പുകയുടെ അസ്വസ്ഥകൾ കൊച്ചിക്കാരെ ദിവസങ്ങളായി പിന്തുടരുകയാണ്. ഇത്രയും വലിയ ഒരു സാമൂഹ്യവിപത്ത് കൊച്ചിയിൽ ഉണ്ടായിട്ടും സിനിമാ – സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രതികരിച്ചില്ലെന്ന് വലിയ ആക്ഷേപം സോഷ്യൽ മീഡിയയിൽ ഉയർന്നു. എന്നാൽ, വർഷങ്ങൾക്കു മുമ്പേ കേരളത്തിലെ മാലിന്യം എന്ന വലിയ ഭീകരനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എഴുതിയിരുന്നു നടൻ മോഹൻലാൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും ഈ കത്താണ്. മാലിന്യം ഒരു ഭീകരനാണെന്നും അടുത്ത അഞ്ചു വർഷം കഴിഞ്ഞുള്ള കേരളത്തെക്കുറിച്ച് ഓർക്കാൻ പേടിയാകുന്നു എന്നുമാണ് മോഹൻലാൽ കത്തിൽ കുറിച്ചത്. മോഹൻലാൽ നടത്തിയ ദീർഘവീക്ഷണത്തിന്റെ പകുതി പോലും നമ്മുടെ ഭരണകർത്താക്കൾക്ക് ഇല്ലാതെ പോയി എന്നതാണ് വാസ്തവം.
അതേസമയം, ബ്രഹ്മപുരം വിഷയത്തിലെ തന്റെ ആശങ്കയും മോഹൻലാൽ അറിയിച്ചു. തന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണു ഏറെ ദിവസമായി തന്നെ അലട്ടുന്ന വലിയ വേദനയെന്ന് മോഹൻലാൽ പറഞ്ഞു. പുകയുന്ന ഈ കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ്. പൊഖറാനിൽ ഷൂട്ടിങ്ങിലാണ് താനെന്നും നാടുവിട്ട ആരും ഇതിൽ നിന്നും രക്ഷപ്പെടുന്നില്ലെന്നും നാളെയോ മറ്റന്നാളോ ഇതെല്ലാം അവരെയും കാത്തിരിക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
അഞ്ചു വർഷം മുമ്പ് എഴുതിയ ഒരു കുറിപ്പിൽ മാലിന്യം കൈവിട്ടു പോകുമെന്ന പ്രശ്നമാകുമെന്ന ആശങ്ക പങ്കു വെച്ചിരുന്നു. അത് മുഖ്യമന്ത്രിയുമായും പങ്കുവെച്ചിരുന്നു. ആളുകൾ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതു കൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാൽ ആരും മാലിന്യം കവറിലാക്കി കളയില്ലെന്നും അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണമെന്നും മോഹൻലാൽ പറഞ്ഞു.തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ ചർച്ചയ്ക്കു വേണ്ടി 5 യോഗത്തിൽ താൻ പങ്കെടുത്തെന്നും എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ താനിനി വരുന്നില്ലെന്നു പറഞ്ഞെന്നും മോഹൻലാൽ പറഞ്ഞു. ചർച്ച ചെയ്യുന്നതു കൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.