സൂപ്പർമാൻ മനസുകവർന്ന ബാല്യകാലം ഇല്ലാത്തവർ ആരു തന്നെയുണ്ടാവില്ല. കാരണം, ലോകമങ്ങുമുള്ള ആരാധകരുടെ മനസിൽ സൂപ്പർമാൻ ഇരിപ്പുറപ്പിച്ചിട്ട് എൺപതു വർഷമായി. ചരിത്രത്തിൽ ആദ്യമായി സൂപ്പർമാനെ സ്വവർഗ അനുരാഗിയായി അവതരിപ്പിക്കുകയാണ് ഡി സി കോമിക്സ്. ഡി സി കോമിക് സീരീസായ ‘സൂപ്പർമാൻ: സൺ ഓഫ് കാൾ ഇൽ’ അഞ്ചാം പതിപ്പ് മുതലാണ് സ്വവർഗാനുരാഗിയായി സൂപ്പർ മാൻ എത്തുന്നത്. പുതിയ കോമിക് സീരീസിന്റെ എഴുത്തുകാരനായ ടോം ടെയ് ലർ വിപ്ലവകരമായ മാറ്റങ്ങൾ ആരാധകരെ അറിയിച്ചത്. ജയ് നകാമുറ എന്നയാളുമായാണ് സൂപ്പർമാൻ പുതിയ സീരീസിൽ പ്രണയത്തിലാകുന്നത്. ജയ് നകാമുറ ഒരു പത്രപ്രവർത്തകനാണ്. പുതിയ സൂപ്പർമാനും കൂട്ടുകാരനും ചുംബിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് ഡി സി കോമിക്സ് പുതിയ പ്രഖ്യാപനം നടത്തിയത്.
സൂപ്പർമാനായി ഭൂമിയിൽ എത്തപ്പെട്ട ക്ലാർക് കെന്റിന്റെയും ലോയിസ് ലെയിനിന്റെയും മകനാണ് പുതിയ സൂപ്പർമാനായ ജോൺ കെന്റ്. ക്ലാർക് കെന്റ് പത്രപ്രവർത്തക ആയിരുന്ന ലോയിസ് ലെയിനുമായാണ് പ്രണയത്തിലായത്. എന്നാൽ, മകൻ ജോൺ കെന്റ് റിപ്പോർട്ടറായ ജയ് നകാമുറയുമായാണ് പ്രണയത്തിലാകുന്നത്. അതേസമയം, യു എസിൽ LGBTQ കമ്യൂണിറ്റികളെ സംബന്ധിച്ച ബോധവത്കരണം നടത്തുന്ന ദിവസം തന്നെയാണ് പുതിയ സൂപ്പർമാൻ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഡിസി കോമിക്സ് തിരഞ്ഞെടുത്തത്. അതേസമയം, അടുത്തമാസം പുറത്തിറങ്ങുന്ന ലക്കത്തിന്റെ പശ്ചാത്തലവും ഇതിവൃത്തവുമൊന്നും ഡിസി പങ്കുവെച്ചിട്ടില്ല. ഏതായാലും പുതിയ സൂപ്പർമാന് നെറ്റിസൺസിന്റെ ഇടയിൽ വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
Our #Superman comes out.
Happy #ComingOutDay🏳️🌈.@DCComics @thedcnation @johntimmsart https://t.co/sXD9wBW4A5 pic.twitter.com/vWkiQiuAGs— Tom Taylor (@TomTaylorMade) October 11, 2021
Just like his father before him, Jon Kent has fallen for a reporter 💙 Learn more about the story to come in SUPERMAN: SON OF KAL-EL #5: https://t.co/bUQAsos68o #DCPride pic.twitter.com/wfQPc3CEVD
— Superman (@DCSuperman) October 11, 2021
സ്വവർഗാനുരാഗിയായി സൂപ്പർമാനെ അവതരിപ്പിക്കുന്നുണ്ടെങ്കിലും സൂപ്പർമാന്റെ സ്വാഭാവികമായ എല്ലാ സവിശേഷതകളും അങ്ങനെ തന്നെ നിലനിർത്തി കൊണ്ട് തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. സൂപ്പർമാൻ സ്വവർഗാനുരാഗിയാകുന്നത് വലിയ മാറ്റം തന്നെയാണെന്നും സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അവരെ സൂപ്പർമാനിലൂടെ കാണാനുള്ള അവസരമാണിതെന്നും രചയിതാവായ ടോം അഭിപ്രായപ്പെട്ടു. നേരത്തെ, ബാറ്റ്മാൻ സീരീസിലെ റോബിനെയും ബാറ്റ് വുമണിനെയും ഇത്തരത്തിൽ ഡിസി അവതരിപ്പിച്ചിരുന്നു.